കേരളത്തില്‍ കമ്പ്യൂട്ടര്‍ ഭരണം ഇനിയുമകലെ
തിരുവനന്തപുരം : വിവരസാങ്കേതികവിദ്യയിലൂടെ ഭരണം കാര്യക്ഷമമാക്കാനുള്ള കേരളസര്‍ക്കാരിന്റെ പദ്ധതി ഒച്ചിഴയുന്ന വേഗത്തില്‍.
ടെലികോം വകുപ്പും സംസ്ഥാന ഐടി വകുപ്പും തമ്മിലുള്ള സഹകരണമില്ലായ്മയാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തിലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കാന്‍ രണ്ട് എംബിപിഎസിന്റെ സൗജന്യ കണക്ഷന്‍ നല്‍കാന്‍ സംസ്ഥാന ഐടി സെക്രട്ടറി അരുണാ സുന്ദരരാജന്‍ കേരള ടെലികോം ജനറല്‍ മാനേജരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും ടെലികോം വകുപ്പ് ഇതിനായി സൗജന്യ കണക്ഷന്‍ നല്‍കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാതെ സൗജന്യ കണക്ഷന്‍ നല്‍കാനാവില്ലെന്നാണ് കേരള ടെലികോം ചീഫ് ജനറല്‍ മാനേജര്‍ പി.പി.രാമചന്ദ്രന്‍ പറഞ്ഞത്. ഉന്നത അധികാരികളെ ഇത് അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആന്ധ്രയിലും കര്‍ണാടകത്തിലും സ്വകാര്യ ടെലികോം കമ്പനികളുമായി ബ്രോഡ് ബാന്റ് കണക്ഷന് കരാറായിട്ടുണ്ട്. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ ഒരു നീക്കവും നടത്തുന്നില്ലെന്ന് ഐടി വിദഗ്ധര്‍ ആരോപിക്കുന്നു.
ചില സ്വകാര്യ ടെലികോം കമ്പനികള്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനുള്ള അനുമതിക്കും സൗകര്യത്തിനും പകരമായി സൗജന്യ കണക്ഷന്‍ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണ്. ഇതിനായുള്ള അപേക്ഷയും ആസൂത്രണ കമ്മീഷന്‍ വഴി നല്‍കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനക്കമില്ലാതിരിക്കുന്നു എന്നാണറിവ്.












Click it and Unblock the Notifications