ഇനി വിട്ടുവീഴ്ചയില്ലെന്ന് കരുണാകരന്‍
കൊച്ചി : കോണ്‍ഗ്രസിലെ സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പ് ഇനി വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് കെ.കരുണാകരന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാന്റ് പറയുന്നതൊന്നും വിശ്വസിക്കാനാവില്ലെന്നും കരുണാകരന്‍ തുറന്നടിച്ചു.
ഹൈക്കമാന്റിനോട് എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. ഒരിക്കല്‍ പറയുന്നതൊന്നും അവര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം യൂത്ത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞതാണ്. ഒന്നും ഉണ്ടായില്ല. അന്ന് ജനറല്‍ സെക്രട്ടറി ധവാനായിരുന്നെങ്കില്‍ ഇന്ന് ഗുലാം നബിയാണ്. പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ- പനമ്പിള്ളി നഗറിലെ വസതിയില്‍ വച്ച് കരുണാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
സിപിഎമ്മിനെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാണെന്ന് കരുണാകരന്‍ പറഞ്ഞു. സിപിഎമ്മുമായി എ ഗ്രൂപ്പുകാര്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ കോടതിയും അന്വേഷണവുമായി നടക്കുകയായിരുന്നു. സിപിഎമ്മുമായി ബന്ധപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. പക്ഷേ സിപിഎമ്മിനെ തോല്‍പ്പിച്ചതുകൊണ്ടു മാത്രം ഒന്നും അവസാനിക്കില്ല.അതിന്റെ മെച്ചമുണ്ടാകണം നായനാര്‍ ഇരിക്കുന്നിടത്ത് ആന്‍റണി ഇരുന്നാല്‍ എല്ലാത്തിനും പരിഹാരമാകുമോ എന്ന് കരുണാകരന്‍ ചോദിച്ചു.
10 കൊല്ലം കഴിഞ്ഞിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ മാറ്റാത്തത് വ്യക്തിതാല്‍പര്യം കൊണ്ടാണെന്ന് കരുണാകരന്‍ ആരോപിച്ചു. പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ പുനഃസംഘടനാപ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കത്തത് ആത്മഹത്യാപരമാണെന്ന് കരുണാകരന്‍ മുന്നറിയിപ്പ് നല്‍കി.
ആഗസ്ത് 26 ശനിയാഴ്ച ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കൊച്ചിയില്‍ ഐ വിഭാഗം യോഗം ചേരുമെന്ന് കരുണാകരന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ താല്‍പര്യത്തിന് എതിരല്ലാത്ത എന്തിനും താന്‍ കൂടെയുണ്ടാകുമെന്നും കരുണാകരന്‍ പറഞ്ഞു.
കല്‍ക്കത്താ തീസിസിന് മുമ്പ് കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് പോരാടാന്‍ ആരംഭിച്ചതാണ്. ഇത്രയും പോരാടിയ ഒരാള്‍ വേറെയുണ്ടാകില്ല. 10 കൊല്ലക്കാരനെ മടിയിലിരുത്തി അങ്ങനെയൊരാളെ താഴത്തിരുത്തുന്നത് ശരിയാണോ എന്നാലോചിക്കട്ടെ-ക്ഷുഭിതനായി കാണപ്പെട്ട കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications