ഐ ഗ്രൂപ്പ് യോഗം ഇന്ന് , കടുത്ത തീരുമാനം ഉണ്ടാകില്ല
കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് ആഗസ്ത് 26 ശനിയാഴ്ച പ്രത്യേക യോഗം ചേരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കണമെന്ന കരുണാകരന്റെ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് ഭാവി പരിപടികളെക്കുറിച്ചാലോചിക്കാന്‍ ഐ ഗ്രൂപ്പ് സമ്മേളിക്കുന്നത്.
എന്നാല്‍ യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. താന്‍ ഒരിക്കലും പാര്‍ട്ടി വിട്ടു പോകില്ലെന്ന് കരുണാകരന്‍ ആഗസ്ത് 25 വെള്ളിയാഴ്ച വ്യക്തമാക്കിയതോടെയാണിത്. കോണ്‍ഗ്രസില്‍ ഒരിക്കലും പിളര്‍പ്പുണ്ടാകില്ലെന്നും മറ്റു സ്ഥലങ്ങളില്‍ പോയി എന്തെങ്കിലും മെച്ചം അനുഭവിക്കണമെന്ന് തനിക്കാഗ്രഹമില്ലെന്നും കരുണാകരന്‍ പറഞ്ഞു. കഷ്ടകാലത്തും നല്ല കാലത്തും കോണ്‍ഗ്രസ് എന്റേതാണ്. അതാരു വിചാരിച്ചാലും പിളര്‍ക്കാനാവില്ല - കരുണാകരന്‍ പറഞ്ഞു.
താന്‍ ബംഗാള്‍ മോഡല്‍ ആവിഷ്കരിക്കുമെന്ന് പറയുന്നതിന് യാതൊരടിസ്ഥാനവുമില്ലെന്നും അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്ക് നെല്ലിക്കാത്തളം വയ്ക്കണമെന്നും കരുണാകരന്‍ തുറന്നടിച്ചു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന സംബന്ധിച്ച ഹൈക്കമാന്റ് നിലപാടില്‍ കെ.കരുണാകരന്‍ ക്ഷുഭിതനാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം തനിക്ക് ഹൈക്കമാന്‍ന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വാര്‍ത്താ ലേഖകരോടു പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സി. വേണുഗോപാലിനെ മാറ്റണമെന്ന തന്റെ ആവശ്യം അഖിലേന്ത്യാ നേതൃത്വം നിരാകരിച്ചതാണ് കരുണാകരനെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വ പ്രശ്നം ഉപേക്ഷിക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറാവില്ലെന്നാണ് സൂചന. ശനിയാഴ്ചത്തെ ഗ്രൂപ്പ് യോഗം മുഖ്യമായും ഇതായിരിക്കും ചര്‍ച്ച ചെയ്യുക. വേണ്ടി വന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് സമാന്തര കമ്മിറ്റിയുണ്ടാക്കി മുന്നോട്ടു പോകുകയെന്ന നിലപാട് സീകരിച്ചേക്കും.
ഇതിനിടെ കരുണാകരനെയും മുരളീധരനെയും അനുനയിപ്പിക്കാനും പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനും ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ ശ്രമമാരംഭിച്ചു. തത്കാലം പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കാതെ അനുകൂല സാഹചര്യത്തിനായി കാത്തിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഈ അഭിപ്രായത്തിന് ഗ്രൂപ്പ് യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചേക്കും. കരുണാകരനേറ്റ മുറിവുണക്കാന്‍ കഴിയുമെന്ന പ്രത്യാശ ഇവര്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്.
ഈ സാഹചരങ്ങളില്‍ ശനിയാഴ്ചത്തെ ഗ്രൂപ്പ് യോഗം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയില്ല.












Click it and Unblock the Notifications