വീരപ്പന്റെ പ്രധാന ആവശ്യം അംഗീകരിച്ചു
ചെന്നൈ: രാജ്കുമാറിനെയും മറ്റു മൂന്നു ബന്ദികളെയും വിട്ടയയ്ക്കുന്നതിന് വീരപ്പന്‍ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിച്ചു. പ്രത്യേക ദൗത്യ സേനയുടെ പീഢനങ്ങള്‍ക്കിരയായവര്‍ക്ക് അഞ്ചു കോടിയുടെ ഫണ്ട് രൂപീകരിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തേ കര്‍ണാടക സര്‍ക്കാരും ഈ ആവശ്യം അംഗീകരിച്ചിരുന്നു.
ആഗസ്ത് 27 ഞായറാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് തമിഴ് നാട് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മൈസൂര്‍ ജയിലില്‍ കഴിയുന്ന തന്റെ മുഴുവന്‍അനുഭാവികളെയും തമിഴ് തീവ്രവാദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്ന ആവശ്യത്തില്‍ വീരപ്പന്‍ ഉറച്ചു നില്‍ക്കുകയാണ്. 51 ടാഡാ തടവുകാര്‍ ഉള്‍പ്പടെ 121 പേരാണ് മൈസൂര്‍ ജയിലില്‍ കഴിയുന്നത്.
121 പേരെയും മോചിപ്പിച്ചു കൊണ്ടുള്ള സരക്കാര്‍ ഉത്തരവ് കൈയ്യില്‍ കിട്ടിയാലേ പ്രത്യേക ദൂതന്‍ നക്കീരന്‍ ഗോപാല്‍ മൂന്നാം വട്ട ദൗത്യവുമായി കാട്ടിലേയ്ക്കു പോകൂവെന്ന് നക്കീരന്‍ അസിസ്റ്റന്റ ് എഡിറ്റര്‍ എ.കാമരാജ് പറഞ്ഞു. മാത്രമല്ല പ്രത്യേക ദൗത്യ സേനയുടെ പീഢനങ്ങള്‍ക്കിരയായവരെ സഹായിക്കാന്‍ അഞ്ചു കോടിയുടെ ഫണ്ട് രൂപീകരിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഗോപാലിന ്ഇനിയും ലഭിച്ചിട്ടില്ല.
ഗോപാല്‍ ആഗസ്ത് 28 തിങ്കളാഴ്ച കാട്ടിലേയ്ക്കു പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. പക്ഷേ 121 വീരപ്പന്‍ അനുഭാവികളെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇനി കാട്ടിലേയ്ക്കുള്ള തന്റെ യാത്രയെന്ന് ഗോപാല്‍ തിങ്കളാഴ്ച വെളിപ്പെടുത്തി.
ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതിന്റെ തെളിവുമായല്ലാതെ ഇനി തന്നെ കാണാന്‍ വരരുതെന്ന് വീരപ്പന്‍ ഗോപാലിന് മുന്നറിയിപ്പു നല്‍കിയിരുന്നുവത്രെ.












Click it and Unblock the Notifications