Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു

കൊച്ചി: തെങ്ങ് വലിച്ചുകെട്ടുന്നതിനിടയില്‍ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കടവന്ത്ര മുട്ടത്ത് ലൈനിലുണ്ടായ അപകടത്തില്‍ കൂത്തപ്പള്ളിപ്പറമ്പ് കരുണാകരന്റെ മകന്‍ ആനന്ദന്‍ എന്ന അനി (25), തെക്കേ നരിക്കപറമ്പില്‍ സുമത്തുവിന്റെ മകന്‍ ഗിരീഷ് (20), അങ്കമാലി മൂഴിക്കുളം പള്ളിക്കല്‍ പി.ജെ. ചാക്കോയുടെ മകന്‍ പ്രബീഷ് (25) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വൈറ്റില കറുകപ്പിള്ളിപ്പാടം സുബയ്യന്‍ (60) എന്നിവര്‍ രക്ഷപ്പെട്ടു.

കടവന്ത്ര മുട്ടത്ത് ലൈനില്‍ വൃന്ദാവനില്‍ കെ.കെ. പിള്ളയുടെ വീടിന്റെ മുന്നിലുള്ള തെങ്ങ് വലിച്ചുകെട്ടുന്നതിനിടയിലാണ് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റത്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് സുബയ്യന്റെ ജീവന്‍ രക്ഷിച്ചത്.

തെങ്ങുകയറ്റതൊഴിലാളിയായ സുബയ്യനും മരിച്ച മൂന്ന് പേരും കൂടിയാണ് കെ.കെ. പിള്ളയുടെ വീട്ടില്‍ തെങ്ങ് വലിച്ച് കെട്ടാനെത്തിയത്. ഗിരീഷാണ് തെങ്ങില്‍ കയറിയത്. തെങ്ങിന്റെ മുകള്‍ഭാഗത്ത് കയറിട്ട് കെട്ടിയശേഷം സമീപത്തെ വീടിന്റെ ടെറസിലേക്ക് വലിച്ചുകെട്ടി. ഇതിനുശേഷമാണ് കമ്പി കെട്ടി തൊട്ടടുത്ത കോയിപ്പുറം ശിവദാസിന്റെ പറമ്പിലെ തെങ്ങിലേക്ക് വലിച്ചുകെട്ടാന്‍ ശ്രമിച്ചത്. തെങ്ങില്‍ കെട്ടിയ കമ്പി താഴേക്ക് വലിച്ചപ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി വൈദ്യുതി പ്രവഹിച്ചതാകാമെന്ന് കരുതുന്നു.

അപകടം പതിയിരിക്കുന്നതറിയാതെ ആനന്ദനും ഗിരീഷും പ്രബീഷും ചേര്‍ന്ന് കമ്പി വലിച്ചുകെട്ടാന്‍ ശ്രമിക്കുകയായിരുന്നു. കമ്പിയില്‍ പിടിച്ചയുടന്‍ തന്നെ ഇവര്‍ക്ക് ഷോക്കേറ്റു. ഇതറിയാതെ പിന്നാലെ വന്ന സുബയ്യനും കമ്പിയില്‍ പിടിച്ചു.

സുബയ്യന്റെ നിലവിളി കേട്ട് കെ. കെ. പിള്ളയുടെ വീടിന്റെ മുകള്‍നിലയിലുണ്ടായിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. റോഡരികിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നവരുള്‍പ്പെടെ ഒട്ടേറെ പേര്‍ ഓടിയെത്തിയെങ്കിലും മതില്‍ക്കെട്ടിനുള്ളിലെ ഭീകരദൃശ്യം കണ്ട് ഞെട്ടിപ്പോയി. ആരു ം പറമ്പിലേക്ക് കയറിയില്ല.

തൊട്ടടുത്ത ട്രാന്‍സ്ഫോമറിലെ ഫ്യൂസ് ഊരിയെങ്കിലും വൈദ്യുതിബന്ധം വിഛേദിക്കാനായില്ല. ഈ സമയത്ത് വൈദ്യുതി പ്രവഹിച്ച കമ്പി ദേഹത്ത് ചുറ്റിയ നിലയില്‍ സുബയ്യന്‍ നിന്ന് വിറക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരാണ് ഈ ഭാഗത്തേക്കുള്ള വൈദ്യുതിലൈന്‍ ഓഫ് ചെയ്ത് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്. നാല്പേരും ഒന്നിനു പിറകെ ഒന്നായാണ് കിടന്നിരുന്നത്. സംഭവസ്ഥലത്തു നിന്ന് എടുത്തുമാറ്റിയിട്ടും സുബയ്യന്‍ ഭയം മൂലം വിറക്കുകയായിരുന്നു. മറ്റ് മൂന്ന് പേരുടെയും വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു.

സമീപത്തു താമസിക്കുന്ന ഡിവൈഎസ്പി ഗോപാലകൃഷ്ണന്റെ ജീപ്പില്‍ കയറ്റി ആനന്ദിനെയും പ്രബീഷിനെയും കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുബയ്യനെയും ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഫ്ലൈയിംഗ് സ്ക്വാഡിന്റെ ജീപ്പില്‍ ഗിരീഷിനെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വൈദ്യുതി മന്ത്രി എസ്. ശര്‍മ 5000 രൂപ വീതവും ജില്ലാ കളക്ടര്‍ 10,000 രൂപ വീതവും അടിയന്തിരസഹായം പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സില്‍ നിന്നും 50,000 രൂപ വീതവും ലഭ്യമായേക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+