ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ വേണം: ആന്റണി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി പ്രധാനമന്ത്രി വാജ്പേയിക്ക് ആഗസ്ത് 29 ചൊവാഴ്ച ഫാക്സ് സന്ദേശമയച്ചു.
ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നിരിക്കുന്ന പലര്‍ക്കും യഥാസമയം തിരിച്ചുപോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് ആന്റണി വാജ്പേയിക്കുള്ള സന്ദേശത്തില്‍ വ്യക്തമാക്കി.
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരികെ പോകാനിരിക്കുന്നവര്‍ ടിക്കറ്റ് കിട്ടാതെ വലയുകയാണ്. മുമ്പെങ്ങും കാണാത്ത തിരക്കാണ് രണ്ടാഴ്ചയായി അനുഭവപ്പെടുന്നത്. അവധി കഴിഞ്ഞ് യഥാസമയത്തു തന്നെ ജോലിയില്‍ പ്രവേശിക്കാനാവുമോ എന്ന ഉത്കണ്ഠയിലാണ് പലരും.
ടിക്കറ്റ് തീയതി ഉറപ്പിക്കാനായി പുലര്‍ച്ചെ നാല് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ നിരവധിയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന തിരക്ക് സെപ്തംബര്‍ രണ്ടാം വാരം വരെ തുടര്‍ന്നേക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ 14 വിമാനങ്ങളും ഗള്‍ഫ് എയറിന്റെയും ഖത്തര്‍ എയര്‍വേസിന്റെയും ഏഴ് വിമാനങ്ങള്‍ വീതവുമാണ് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നത്.
ഗള്‍ഫ് എയറിന്റെ സപ്തംബര്‍ പകുതി വരെയുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തുകഴിഞ്ഞു. ഗള്‍ഫില്‍ സപ്തംബര്‍ ആദ്യവാരത്തില്‍ സ്കൂളുകള്‍ തുറക്കുകയാണെന്നതുകൊണ്ടും ഓണാഘോഷവേളയായതുകൊണ്ടുമാണ് ഇത്ര തിരക്ക് അനുഭവപ്പെടുന്നതെന്ന് ഒരു ഗള്‍ഫ് എയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുന്നതിന് ഗള്‍ഫ് എയറിന് അനുമതി കിട്ടിയിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.












Click it and Unblock the Notifications