വിലയിടിവ്: കിസാന്‍ സഭ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: നാളികേരോല്പന്നങ്ങളുടെ വിലയിടിവ് തടയണമെന്നും പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സഭ പ്രക്ഷോഭത്തിലേക്ക്. ആഗസ്ത് 28 തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കേരകര്‍ഷകരുടെ സമ്മേളനം പ്രക്ഷോഭത്തിന് അന്തിമരൂപം നല്‍കി.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നല്‍കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സപ്തംബര്‍ മാസത്തില്‍ അഞ്ച് സംസ്ഥനങ്ങളിലും ഒപ്പുശേഖരണം നടത്തും. ഒക്ടോബറില്‍ സംസ്ഥാനതലസ്ഥാനങ്ങളില്‍ പ്രകടനത്തോടെയാണ് നിവേദനങ്ങള്‍ ഗവര്‍ണര്‍മാര്‍ക്ക് സമര്‍പ്പിക്കുക. അന്നുതന്നെ രാഷ്ട്രപതിക്കും നിവേദനം നല്‍കും.
ഒക്ടോബര്‍ പത്തിന് പഞ്ചായത്ത്, താലൂക്ക് ആസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യും. ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വെളിച്ചെണ്ണ-കേരോല്പന്ന ഇറക്കുമതി തടയുക, കൊപ്ര താങ്ങുവില പരിഷ്കരിക്കുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പടുെത്തുക, നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളടങ്ങിയ അവകാശ പത്രികക്കും സമ്മേളനം രൂപം നല്‍കി.
സമ്മേളം അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് എസ്. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, ബി. തുളസീദാസ് (ആന്ധ്രപ്രദേശ്), ആര്‍.സി പളനിവേലു (തമിഴ്നാട്), എച്ച്.എസ്. ശ്യാമണ്ണറെഡ്ഢി (കര്‍ണാടകം) എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. കിസാന്‍ സഭ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ. വരദരാജന്‍ സമരപ്രഖ്യാപനരേഖ അതരിപ്പിച്ചു. ഗോപി കോട്ടമുറിക്കല്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications