ചെറുകിട വ്യവസായം: ഒരു കോടിവരെ നികുതിയിളവ്
ദില്ലി: ചെറുകിട വ്യവസായങ്ങള്‍ക്കുള്ള എക്സൈസ് നികുതി ഇളവിന്‍െറ പരിധി വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി എ.ബി. വാജ്പേയി പ്രഖ്യാപിച്ചതാണിത്. ഇനി മുതല്‍ ഒരു കോടി രൂപ വരെ മുതല്‍ മുടക്കുള്ള ചെറുകിട വ്യവസായ സംരംഭകര്‍ എക്സൈസ് നികുതി അടയ്ക്കേണ്ടതില്ല. നേരത്തേ ഈ പരിധി 50 ലക്ഷം ആയിരുന്നു.
ചെറുകിട വ്യവസായ മേഖലയില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനും പീഢിത വ്യവസായങ്ങളെ സഹായിക്കുന്നതിനുമാണ് ഈ തീരുമാനം.
ബി.ജെ.പി. സര്‍ക്കാര്‍ ഇതു രണ്ടാം തവണയാണ് എക്സൈസ് നികുതി പരിധി വര്‍ധിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 30 ലക്ഷം രൂപയില്‍ നിന്ന് പരിധി 50 ലക്ഷമായി ഉയര്‍ത്തിയത് 1998 ല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നു.
കസ്റ്റംസ് നികുതി പരിധി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ഇത് പ്രഖ്യാപിക്കും.ചെറുകിട വ്യവസായ സംരംഭകരുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഏതാനും തീരുമാനങ്ങള്‍ ചെറുകിട -ഇടത്തരം വ്യവസായ വകുപ്പ് പ്രഖ്യാപിക്കും.കോമ്പസിറ്റ് ലോണ്‍ എടുക്കുന്നതിനുള്ള പരിധി പത്തു ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തും. ഒരേ ധനകാര്യസ്ഥാപനത്തില്‍ നിന്നു തന്നെ പ്രവര്‍ത്തന മൂലധനവും ലോണും എടുക്കുന്നതിനുള്ള സൗകര്യം ചെറുകിട വ്യവസായ സംരംഭകര്‍ക്കു ലഭ്യമാക്കും.
പരമാവധി പത്തു ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്കും വ്യവസായ ബന്ധിത സംരംഭങ്ങള്‍ക്കും കടം നല്‍കുന്നതിന് മുന്‍ഗണന നല്‍കും. ചെറുകിട വ്യവസായ മേഖലയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുമെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications