റേഷനരിയുടെ വില കൂടും
ദില്ലി: അരി, തുവരപ്പരിപ്പ്, ഉഴുന്ന്, ചെറുപയര്‍ തുടങ്ങിയ നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കൂടും. നെല്ലിന്റെയും ഒട്ടേറെ പയറുവര്‍ഗങ്ങളുടെയും താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതിനാലാണിത്.
പുതിയ തീരുമാനഫലമായി റേഷനരിയുടെ വില വീണ്ടും വര്‍ദ്ധിക്കും. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ആഗസ്ത് 29 ചൊവാഴ്ച ഈ തീരുമാനമെടുത്തത്. താങ്ങുവില കൂട്ടണമെന്ന കൃഷി മന്ത്രാലയത്തിന്റെ ശുപാര്‍ശ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രാലയം എതിര്‍ത്തിരുന്നു.
സാധാരണ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 490 രൂപയില്‍ നിന്ന് 510 രൂപയായും ഗുണമേറിയ എ ഗ്രേഡ് നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 520 രൂപയില്‍ നിന്ന് 540 രൂപയായും ആണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ച് റേഷന്‍ കടകളിലൂടെ നല്കുന്ന അരിയുടെ വില ആനുപാതികമായി വര്‍ദ്ധിക്കും.
ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന അരിയുടെ വില ക്വിന്റലിന് 1130 രൂപയില്‍ നിന്ന് 1156 രൂപയാകും. ഇതിന്റെ നികുതി, കടത്തുകൂലി എന്നിവ കൂടി കൂട്ടിയാണ് റേഷന്‍കടകള്‍ വഴി നല്കുക.
ധാന്യങ്ങള്‍ ശേഖരിക്കാന്‍ ഫുഡ് കോര്‍പറേഷന് ചെലവാകുന്ന അതേ തുക തന്നെ ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ളവരില്‍ നിന്ന് ഈടാക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പകുതിവിലയ്ക്കാണ് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് റേഷനരി വില്ക്കുന്നത്. താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതോടെ ഇരുവിഭാഗക്കാര്‍ക്കുമുള്ള അരിവില കൂടും.
തുവരപ്പരിപ്പ്, ഉഴുന്ന്, ചെറുപയര്‍ തുടങ്ങിയവയുടെ താങ്ങുവില ക്വിന്റലിന് 1105 രൂപയില്‍ നിന്ന് 1200 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലക്കടലയുടെ താങ്ങുവില 1155ല്‍ നിന്ന് 1220 രൂപയായും സോയാബീനിന്റേത് 845ല്‍ നിന്ന് 865 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
മന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗം ചൊവാഴ്ച വൈകീട്ട് ചേരാനിരുന്നത് ആഗസ്ത് 31 വ്യാഴാഴ്ചയിലേക്ക് മാറ്റി.












Click it and Unblock the Notifications