തീവ്രവാദിയെ വീരപ്പന് കൈമാറരുതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാജ്കുമാറിന്റെ മോചനത്തിനു പകരമായി ജയിലില്‍ നിന്നു മോചിപ്പിക്കണമെന്ന് വീരപ്പന്‍ ആവശ്യപ്പെടുന്ന അഞ്ച് തമിഴ് തീവ്രവാദികളില്‍ ഒരാളെ വീരപ്പനു കൈമാറുന്നത് മദ്രാസ് ഹൈക്കോടതി സെപ്തംബര്‍ എട്ടു വരെ തടഞ്ഞു . ദേശീയ സുരക്ഷാ നിയമ പ്രകാരം തിരുച്ചിറപ്പള്ളി ജയിലില്‍ കഴിയുന്ന മണികണ്ഠന്‍ എന്ന തമിഴ് നാഷണല്‍ റിട്രീവല്‍ പ്രവര്‍ത്തകനെയാണ് വീരപ്പനു കൈമാറുന്നതില്‍ നിന്നു കോടതി തടഞ്ഞിരിക്കുന്നത്.
തന്റെ മകന്റെ ആഗ്രഹത്തിനു വിപരീതമായാണ് അയാളെ വീരപ്പനു കൈമാറാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നു കാണിച്ച് മണികണ്ഠന്റെ അച്ഛന്‍ പി.എസ്.അണ്ണാമലൈ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് കെ.ഗോവിന്ദരാജന്‍ ഈ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുച്ചി ജയിലിലേയ്ക്ക് ഒരു മജിസ്ട്രേറ്റിനെ അയച്ച് പരാതിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മോചനത്തിനു ശേഷം കാട്ടിലേയ്ക്കു പോകാന്‍ മണികണ്ഠന്‍ വിസമ്മതിക്കുന്നുണ്ടോയെന്ന വിവരം അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി തിരുച്ചിറപ്പള്ളി ജില്ലാ ജഡ്ജിക്കു നിര്‍ദ്ദേശം നല്‍കി.
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജില്ലാ ജഡ്ജിക്ക് സെപ്തംബര്‍ എട്ടു വരെ സമയം നല്‍കിയിട്ടുണ്ട്. അണ്ണാമലൈയുടെ പരാതി കോടതി വീണ്ടും സെപ്തംബര്‍ എട്ടിനു പരിഗണിക്കും.












Click it and Unblock the Notifications