തിരഞ്ഞെടുപ്പ്: ഇരുമുന്നണികളിലും പ്രശ്നം രൂക്ഷം
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കെ കേരളത്തിലെ ഇരു മുന്നണികളിലും സ്ഥാനാര്‍ത്ഥികളെപ്പറ്റി അന്തിമ രൂപമായിട്ടില്ല. സപ്തംബര്‍ ഒന്നാണ് പത്രിക സമര്‍പ്പിക്കാനുളള അവസാനദിവസം.
സി.പി.എം നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഇടതുമുന്നണിയ്ക്കും ഐക്യ ജനാധിപത്യ മുന്നണിയ്ക്കും ഇക്കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. രണ്ടു മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇപ്പോള്‍ അതാതു പ്രദേശങ്ങളിലെ കമ്മറ്റികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
അതിനാല്‍ത്തന്നെ പ്രാദേശികമായി കക്ഷിരാഷ്ട്രീയ സമവാക്യങ്ങള്‍ മാറാനും സാധ്യത ഏറെയാണ്. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളില്‍ ഇതിനകം തന്നെ സി.പി.എമ്മും മുസ്ലിം ലീഗും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സി.പി.എമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസ്സും താരതമ്യേന ശക്തമായ ഈ ജില്ലകളില്‍ മുസ്ലിം ലീഗിന്റെ നിലപാട് വളരെ പ്രധാനപ്പെട്ടതാകും. സി.പി.എമ്മുമായി ധാരണയൊന്നുമില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആണയിടുന്നുണ്ടെങ്കിലും ചില പ്രാദേശിക നേതാക്കള്‍ ഇത്തരമൊരു നീക്കുപോക്കിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് അറിയുന്നത്.
സപ്തംബര്‍ നാലിന് ചിത്രം തെളിയുമെന്ന് അച്യുതാനന്ദനും ആന്റണിയും
വടക്കന്‍ കേരളത്തില്‍ ലീഗുമായി ധാരണയുണ്ടെന്ന വാദം ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദനും നിഷേധിക്കുകയാണ്. ഇടതുമുന്നണി നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും തമ്മില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതായി എനിക്കിതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല, അദ്ദേഹം പറയുന്നു.
യു.ഡി.എഫിന്റെ പ്രവര്‍ത്തനരീതിയില്‍ അനിഷ്ടമുള്ളവയും ബി.ജെ.പിക്കെതിരായി പോരാടുന്നവയുമായ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് മുന്നണിയുടെ പ്രാദേശിക ഘടകങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന് സപ്തംബര്‍ നാലോടു കൂടിയേ അറിയൂവെന്നും അച്യുതാനന്ദന്‍ പറഞ്ഞു. സപ്തംബര്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാനദിവസം.
സ്ഥാനാര്‍ത്ഥികളെപ്പറ്റിയും ധാരണകളെപ്പറ്റിയും അവസാന രൂപം ലഭിക്കണമെങ്കില്‍ സപ്തംബര്‍ നാലു വരെ കാത്തു നില്‍ക്കേണ്ടി വരുമെന്ന അഭിപ്രായം തന്നെയാണ് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കും. മുസ്ലിം ലീഗിന്റെ നിലപാടിനെക്കുറിച്ച് അന്തിമതീരുമാനത്തിലെത്താന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഫലം നായനാര്‍ സര്‍ക്കാരിന്റെ ഹിതപരിശോധനയായിരിക്കുമെന്ന് സമ്മതിക്കുന്നതിനു പകരം യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് ആന്റണി ആരോപിച്ചു.
മുസ്ലിം ലീഗ് നിഷേധിക്കുന്നു
അതേസമയം യു.ഡി.എഫുമായല്ലാത്ത നീക്കുപോക്കുകളുണ്ടാക്കാന്‍ തന്റെ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. അഹ്മദ് ഹാജി നിഷേധിച്ചു. മുസ്ലിം ലീഗ് ഇപ്പോഴും യു.ഡി.എഫില്‍ തന്നെയാണ്. അധികാരത്തിന് വേണ്ടി സി.പി.എമ്മിന്റെ സഹായം തേടുന്ന പ്രശ്നം ഉദിക്കുന്നേയില്ല, അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയും യു.ഡി.എഫിലെ ചില സ്ഥാനാര്‍ത്ഥികളും തമ്മില്‍ രഹസ്യധാരണകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുസ്ലിം ലീഗ് കോഴിക്കോട് ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവയും നിഷേധിച്ചു. അങ്ങനെയെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications