യശ്വന്ത് സിന്‍ഹയെ മാറ്റണം: ബാല്‍ താക്കറെ
ദില്ലി: യശ്വന്ത് സിന്‍ഹയെ ഒഴിവാക്കി കേന്ദ്രമന്ത്രിസഭയിലെ ധനകാര്യ വകുപ്പ് തന്റെ പാര്‍ട്ടിക്ക് നല്കണമെന്ന് ശിവസേനാ അദ്ധ്യക്ഷന്‍ ബാല്‍ താക്കറെ ആവശ്യപ്പെട്ടു.
ശിവസേനയിലെ ബാലാസാഹേബ് വിഖെ പാട്ടീലിന് ക്യാബിനറ്റ് പദവി നല്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വതന്ത്രമായി അന്തിമ തീരുമാനമെടുക്കാന്‍ പറ്റിയ വകുപ്പുകളിലൊന്ന് ഞങ്ങള്‍ക്കു വേണം- കേന്ദ്ര മന്ത്രിസഭയുടെ വികസനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആവശ്യം ഉന്നയിക്കാനുള്ള കാരണം താക്കറെ വിശദീകരിച്ചു. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ രണ്ടു ക്യാബിനറ്റ് മന്ത്രിമാരും ഒരു സഹമന്ത്രിയുമാണ് ശിവസേനക്കുള്ളത്.
കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാധിനിധ്യം വേണമെന്ന ആവശ്യം കുറച്ചു ദിവസമായി താക്കറെ ഉന്നയിക്കുന്നുണ്ട്. മമതാ ബാനര്‍ജിക്ക് റെയില്‍വേ പോലെ പ്രധാനപ്പെട്ട വകുപ്പ് നല്കിയത് അദ്ദേഹത്തിനിഷ്ടപ്പെട്ടിട്ടില്ല. ജേഠ്മലാനി രാജിവെച്ച ഒഴിവ് ശിവസേനയ്ക്കവകാശപ്പെട്ടതാണെന്ന് താക്കറെ ദൂരദര്‍ശനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശിവസേനയുടെ പിന്തുണയോടെയാണ് ജേഠ്മലാനി രാജ്യസഭാംഗമായത്.
യശ്വന്ത് സിന്‍ഹയെ താക്കറെ നിശിതമായി വിമര്‍ശിച്ചു. ധനകാര്യ സഹമന്ത്രിയായ ബാലാസാഹേബ് വിഖെ പാട്ടീലിന് യശ്വന്ത് സിന്‍ഹ സ്വാതന്ത്യ്രം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ഫറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് അവിടെ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും താക്കറെ ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മൂന്ന് എം.പി.മാരെ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications