വാജ്പേയിയുടെ യുഎസ് സന്ദര്‍ശനം നീട്ടി
ദില്ലി: ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനം രണ്ടു ദിവസത്തേക്ക് മാറ്റി. സപ്തംബര്‍ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന വാജ്പേയി സപ്തംബര്‍ ഏഴിനു മാത്രമേ യാത്രതിരിക്കൂ. സപ്തംബര്‍ 17-ന് പ്രധാനമന്ത്രി തിരിച്ചെത്തും.
എന്നാല്‍ യാത്രയിലെ മാറ്റം പ്രധാനമന്ത്രിയുടെ പരിപാടികളെ ബാധിക്കില്ലെന്ന് വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സപ്തംബര്‍ എട്ടു മുതലുള്ള പരിപാടികള്‍ അതേപോലെ തുടരും.
വാജ്പേയിയുടെ കാല്‍മുട്ടിനുള്ള വേദനയാണ് സന്ദര്‍ശനം മാറ്റാനുള്ള കാരണമെന്നറിയുന്നു. ആഗസ്ത് 27 ഞായറാഴ്ച നാഗ്പൂരില്‍ നടന്ന ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്തു വരവെയാണ് വാജ്പേയിക്ക് കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുകാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.
അമേരിക്കയില്‍ നടക്കുന്ന സഹസ്രാബ്ദ ഉച്ചകോടിയില്‍ വാജ്പേയി പ്രസംഗിക്കും. സപ്തംബര്‍ എട്ടിനാണ് വാജ്പേയി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. സപ്തംബര്‍ 14-ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൂടാതെ സോഫ്റ്റ്വെയര്‍ രംഗത്തുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
അമേരിക്കയിലെത്തുന്ന വാജ്പേയിക്ക് പ്രസിഡണ്ട് ബില്‍ ക്ലിന്റണും വൈസ് പ്രസിഡണ്ട് അല്‍ ഗോറും സൗഹൃദവിരുന്നുകള്‍ ഒരുക്കുന്നുണ്ട്.
ഭാരതീയ വിദ്യാഭവന്‍, സെനറ്റ് വിദേശകാര്യസമിതി എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. എന്നാല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ഒരു പരിപാടി റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications