കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആത്മീയ ഉച്ചകോടി നടത്താമെന്ന് അമ്മ

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോകമതനേതാക്കളെ ഉള്‍പ്പെടുത്തി കേരളത്തില്‍ ആത്മീയ ഉച്ചകോടി നടത്താന്‍ ഒരുക്കമാണെന്ന് മാതാ അമൃതാനന്ദമയി. എല്ലാവരും ഇതിനായി സഹകരിച്ചാല്‍ താന്‍ മുന്‍കൈയെടുക്കാമെന്നും അമൃതാനന്ദമയി പറഞ്ഞു.

ന്യൂയോര്‍ക്കിലെ ആഗോള മതമേലധ്യക്ഷ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിയെത്തിയ അമ്മ സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

ലോകത്ത് ശാന്തിയും സമാധാനവും കൈവരുത്താന്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഉച്ചകോടി പ്രചോദനമായെന്ന് അമ്മ പറഞ്ഞു. എല്ലാവര്‍ക്കും തുല്യതയുള്ള ലോകമാണ് ഇന്നാവശ്യം. ഉള്ളവര്‍ എല്ലാം കൈയില്‍ വച്ചിരിക്കുന്നു. ദാരിദ്യ്രം തുടച്ചുനീക്കാന്‍ കഴിയില്ലെങ്കിലും നാം വിചാരിച്ചാല്‍ സമത്വം ഉണ്ടാക്കാന്‍ കഴിയും.

പുരുഷനു തുല്യമായ സാമൂഹ്യപങ്കാളിത്തം സ്ത്രീകള്‍ക്കും ഉറപ്പ് വരുത്തണമെന്ന് അമൃതാനന്ദമയി നിര്‍ദേശിച്ചു. പുരുഷന് ജന്മം നല്‍കുന്നവളാണ് സ്ത്രീ. ഈശ്വരസൃഷ്ടിയില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ ഇന്നും സ്ത്രീകളുടെ ദുരവസ്ഥക്ക് മാറ്റം വന്നിട്ടില്ല.

പാശ്ചാത്യസംസ്കാരം പിന്തുടര്‍ന്നല്ല ഇതിനു മാറ്റം വരുത്തേണ്ടത്. വിദേശവനിതയുടെ ധൈര്യം ഭാരതീയവനിതയ്ക്കുണ്ടാവണം. എന്നാല്‍ നമ്മുടെ സംസ്കാരവും മാതൃത്വത്തിന്റെ മഹത്വവും നിലനിര്‍ത്തിക്കൊണ്ടാകണം അത് കൈവരിക്കേണ്ടത്.

തീവ്രവാദം ഏത് മതത്തിന്റെ പേരിലായാലും അപലപിക്കപ്പെടണം. മതത്തിന്റെ പേരിലുള്ള മനുഷ്യഹിംസയെ എതിര്‍ക്കണം. മതത്തിന്റെ തടവുകാരായി മാറാതെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ജീവിതം ലോകത്തിന് വേണ്ടിയുള്ള അര്‍പ്പണമാകണം. ആ ത്യാഗത്തിലൂടെ ഹൃദയത്തില്‍ നിറഞ്ഞുകവിയുന്ന ആനന്ദം സമസ്ത ജീവരാശിയിലേക്കും പരന്നൊഴുകും.

ലോകമതനേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മനുഷ്യമനസിലെ മാലിന്യങ്ങള്‍ തുടച്ചുനീക്കുന്ന തൂപ്പുകാരിയായാല്‍ മതിയെന്നായിരുന്നു അമ്മയുടെ മറുപടി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നൂറുകണക്കിന് ഭക്തര്‍ അമ്മയെ വരവേല്‍ക്കാനായെത്തിയിരുന്നു. പുഷ്പവൃഷ്ടിയോടും ഭജനാഗീതങ്ങളോടും കൂടിയാണ് അമൃതാനന്ദമയിയെ വിമാനത്താവളത്തിന് പുറത്തേക്ക് ആനയിച്ചത്. സ്വാമി അമൃതസ്വരൂപാനന്ദ, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമിനി കൃഷ്ണാമൃതപ്രാണ എന്നിവരും അമ്മയ്ക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X