കാരശ്ശേരിയില്‍ ജനകീയ ബാര്‍ബര്‍ ഷോപ്പ്
കോഴിക്കോട്: ജനകീയബസ്സുകള്‍ക്കും ജനകീയഹോട്ടലുകള്‍ക്കും പിന്നാലെ ജനകീയ ബാര്‍ബര്‍ ഷോപ്പും. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് കാരശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ ജനകീയ ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നത്.
ബാര്‍ബര്‍ ഷോപ്പുകളില്‍ നിരക്ക് കൂട്ടിയപ്പോഴാണ് കുറഞ്ഞ തുകക്ക് തലമുടി വെട്ടാനും താടി വടിക്കാനുമായി കാരശേരിയിലെ ജനങ്ങള്‍ ജനകീയ ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്. ജനങ്ങളുടെ കൂട്ടായ ആലോചന ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. സപ്തംബര്‍ മൂന്നാം തീയതി ഞായറാഴ്ച ജനകീയ ബാര്‍ബര്‍ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കും.
എഴുത്തുകാരനും അധ്യാപകനുമായ എം.എന്‍. കാരശേരിയാണ് ജനകീയ ബാര്‍ബര്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നത്.
സാധാരണ ബാര്‍ബര്‍ ഷോപ്പുകളിലെ നിരക്കിന്റെ പകുതിയേ ജനകീയ ബാര്‍ബര്‍ ഷോപ്പിലുള്ളൂ. മുടിവെട്ടാന്‍ പത്തുരൂപയും താടിവടിക്കുന്നതിന് അഞ്ചു രൂപയും. സാധാരണ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് 20 രൂപയും താടിവടിക്കുന്നതിന് 10 രൂപയുമാണ് ഈടാക്കുന്നത്.
100 രൂപയുടെ ഷെയറുകള്‍ സ്വരൂപിച്ചാണ് ഷോപ്പ് തുടങ്ങുന്നതിനു വേണ്ട 25,000 രൂപ സംഭരിച്ചത്. ജനകീയ ബാര്‍ബര്‍ ഷോപ്പ് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആലോചനയുണ്ട്.












Click it and Unblock the Notifications