ഇടുക്കി ജില്ലാപഞ്ചായത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുന്നു
ദില്ലി: രാജ്യത്ത് ആദ്യമായി സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്ത് എന്ന ബഹുമതി സ്വന്തമാക്കാന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നു. 124 കോടി രൂപ മുതല്‍ മുടക്കി സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ അതിന്‍െറ അന്തിമഘട്ടത്തിലാണ്.
ഇതിനായുള്ള അവസാന വട്ട അനുമതിക്കായി ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇടുക്കി എം.എല്‍.എ സുലൈമാന്‍ റാവുത്തരുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.എന്തായാലും അനുമതി കിട്ടിയാലുടന്‍ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ ഇടുക്കിയിലെ ജില്ലാ പഞ്ചായത്ത് അധികൃതര്‍.
തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ധനസഹായസ്ഥാപനം പുതിയ മെഡിക്കല്‍ കോളേജിനായി പണം കണ്ടെത്തുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. പിന്നീടുള്ള ധനസമാഹരണം പൂര്‍ണമായും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലായിരിക്കും.
രവീന്ദ്ര നാഥ ടാഗോര്‍ അക്കാദമി ഓഫ് ആര്‍ട്സ്, സയന്‍സ് ആന്‍ഡ് മാനേജ്മെന്റ് എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.ഈ സമിതിക്കാണ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല. പഞ്ചായത്തിന്റെ സ്വന്തം വരുമാന മാര്‍ഗ്ഗങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചും മറ്റുമാണ് കോളേജ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്.












Click it and Unblock the Notifications