സൂര്യനെല്ലി: പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: സൂര്യനെല്ലി സ്ത്രീപീഡനക്കേസിലെ പ്രതികളെ സഹായിക്കാന്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാവും.
ഇതിനുള്ള നിര്‍ദ്ദേശം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1996ല്‍ ഈ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി നിശിത വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഈ സംഭവത്തിലെ പ്രതികളെ സഹായിക്കാന്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ കഠിന ശിക്ഷയര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം കേസന്വേഷണം നടത്തിയ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉചിതമായ പാരിതോഷികം നല്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തെളിയിക്കാന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അനുമോദിക്കുകയും ചെയ്തു.
സാധാരണഗതിയില്‍ മേലുദ്യോഗസ്ഥന്‍ അന്വേഷണം നടത്തി നല്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പൊലീസില്‍ ശിക്ഷാനടപടിയെടുക്കുന്നത്. എന്നാല്‍ കോളിളക്കം സൃഷ്ടിച്ച കേസായതിനാലും കോടതി രൂക്ഷവിമര്‍ശനം നടത്തിയതിനാലും അന്വേഷണം ഒഴിവാക്കി ഉടന്‍ നടപടിയെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
സൂര്യനെല്ലിക്കേസ് ആദ്യമന്വേഷിച്ച മൂന്നാറിലെ പൊലീസുദ്യോഗസ്ഥരെയാണ് കോടതി വിമര്‍ശിച്ചത്. 1996 ഫിബ്രവരി 28ന് കേസന്വേഷണം ഏറ്റെടുത്ത അന്നത്തെ മൂന്നാര്‍ സി.ഐ.യും ഇപ്പോള്‍ കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി.യുമായ വി.കെ.മാത്യുവിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം. പ്രോസിക്യൂഷന്‍ 95-ാം സാക്ഷിയായ മാത്യുവിനെക്കൂടാതെ 96-ാം സാക്ഷിയായ കോണ്‍സ്റബിള്‍ രാജനെതിരെയും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്. മറ്റൊരു കോണ്‍സ്റബിളായ ഹരി കേസില്‍ പ്രതിഭാഗം സാക്ഷിയാണ്. ഇവര്‍ക്കെതിരെ നടപടി ഉറപ്പാണെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications