ദീര്‍ഘവീക്ഷണമില്ലായ്മ മതവൈരത്തിനു കാരണമെന്ന്
കൊച്ചി: ദീര്‍ഘവീക്ഷണമില്ലായ്മയാണ് മതങ്ങള്‍ തമ്മില്ലുള്ള സംഘര്‍ഷത്തിനു കാരണമെന്ന് ജസ്റിസ് ടി.ചന്ദ്രശേഖരമേനോന്‍ പറഞ്ഞു.
ഡോ.വിന്‍സന്റ് കുന്നുകുളം രചിച്ച ആര്‍.എസ്സ്.എസ്സും ക്രൈസ്തവസഭയും എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യപരിഷത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായരുന്നു അദ്ദേഹം.
എല്ലാ അഭിപ്രായങ്ങളും സമചിത്തത പുലര്‍ത്തി സമീപിക്കാന്‍ മതനേതാക്കള്‍ ശ്രദ്ധിക്കണം. അഭിപ്രായവ്യത്യാസങ്ങളാണ് പലപ്പോഴും പുരോഗമനാശയങ്ങള്‍ക്ക് അടിത്തറ പാകിയതെന്നും ജസ്റിസ് മേനോന്‍ പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തതും മിഷണറിമാരെ പീഡിപ്പിച്ചതും സംഘ് പരിവാറിന്റ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ്. അതുപോലെ മാതാ അമൃതാനന്ദമയിയെ അധിക്ഷേപിക്കുന്ന ലേഖനം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പര്‍ദ്ധയെന്ന ദുര്‍ഭൂതത്തിന് അടിമപ്പെട്ട ഭാരതീയര്‍ക്ക് പൗരന്മാരെന്ന നിലയില്‍ ഉണ്ടാവേണ്ട പൊതുവായ ലക്ഷ്യബോധം നഷ്ടമായതായി ചര്‍ച്ചയ്ക്കു തുടക്കമിട്ട പ്രൊഫ.എം.കെ.സാനു പറഞ്ഞു.
മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ പലതും അധികാരവടംവലിയുടെ ഭാഗമാണെന്ന് കെ.എല്‍.മോഹനവര്‍മ്മ ചൂണ്ടിക്കാട്ടി. സാന്ത്വനത്തിന്റെ ഭാഷ സംസാരിക്കുന്ന മതങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്സ്.എസ്സ്. ആരുടെയും പ്രതിയോഗിയല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രാന്ത കാര്യവാഹ് എ.ആര്‍.മോഹന്‍ പറഞ്ഞു. ക്രിസ്തുദേവനെ അംഗീകരിക്കുന്ന ആര്‍.എസ്.എസ്സിന് ക്രൈസ്തവരോട് അസഹിഷ്ണുതയുമില്ല. മതപരിവര്‍ത്തനത്തെക്കുറിച്ചു മാത്രമാണ് സംഘടനയ്ക്കു ഭിന്നാഭിപ്രായമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡോ.പോള്‍ തേലക്കാട്ട്, എം.വി.ബെന്നി തുടങ്ങിയവരും സംബന്ധിച്ചു. ഡോ.പോള്‍ മണവാളന്‍ സ്വാഗതവും വിന്‍സന്റ് കുണ്ടുകുളം നന്ദിയും പറഞ്ഞു.












Click it and Unblock the Notifications