ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കി. പോത്താനിക്കാട് ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ദീപാ ഇന്ദു ചൂഡനെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി മാറ്റിയത്.
ബി.ജെ.പി റൂറല്‍ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ടും മഹിളാമോര്‍ച്ച പ്രവര്‍ത്തകയുമാണ് ദീപാ ഇന്ദുചൂഡന്‍. ബി.ജെ.പി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി ദീപ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് വിജയസാധ്യത ഇല്ലാത്തതു കൊണ്ടാണ് താന്‍ എല്‍.ഡി.എഫിലേക്ക് മാറുന്നതെന്നും ജയിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തുന്നില്ലെന്നും ദീപ വാര്‍ത്താലേഖകരോട് പറഞ്ഞു.
ബി.ജെ.പി. സ്വതന്ത്രയായാണ് താന്‍ മത്സരിക്കാനിരുന്നതെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കിയത് അറിഞ്ഞിരുന്നില്ലെന്നും ദീപ പറഞ്ഞു. ഏതു പാര്‍ട്ടിയിലായിരുന്നാലും പൊതുജനസേവനം നടത്താന്‍ കഴിയും. വിജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്കൊപ്പം നിന്നത് കിട്ടിയ അവസരം പാഴാക്കാതിരിക്കാനാണെന്നും ദീപ വ്യക്തമാക്കി.
ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ദീപയ്ക്ക് പാര്‍ട്ടി ചിഹ്നമായ താമര അനുവദിച്ചിരുന്നു. താമര ചിഹ്നം റദ്ദാക്കി ജോസഫ് ഗ്രൂപ്പിന്റെ സൈക്കിള്‍ ചിഹ്നം അനുവദിക്കണെന്നാവശ്യപ്പെട്ട് ദീപ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു റോസമ്മ കുര്യാക്കോസിനെ ഡിവിഷനു പുറത്തുള്ള വോട്ടര്‍ നാമനിര്‍ദ്ദേശം ചെയ്തെന്നു പറഞ്ഞാണ് റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയത്. എല്‍.ഡി.എഫിന്റെ ഡമ്മിയും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇല്ലാത്ത സാഹചര്യത്തില്‍ ദീപയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് ശ്രമങ്ങളാരംഭിച്ചു. ഇതിനായി മന്ത്രി പി.ജെ. ജോസഫും രംഗത്തിറങ്ങിയിരുന്നു.
കോഴ കൊടുത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് വശത്താക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. ദീപയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ബി.ജെ.പി. എറണാകുളം റൂറല്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം.എന്‍. ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications