എറണാകുളം-വൈപ്പിന്‍ പാലം പണി ഉടന്‍
കൊച്ചി : ഗോശ്രീ പദ്ധതിയില്‍ എറണാകുളം-വൈപ്പിന്‍ പാലങ്ങളുടെ നിര്‍മ്മാണം മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങാനാകും. പദ്ധതിക്കായി കായല്‍ നികത്തിയെടുത്ത സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരനും ഗോശ്രീ പദ്ധതി ഡയറക്ടര്‍ ഡോ.പി.വി. ചന്ദ്രമോഹനും വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
പദ്ധതിക്കായി സമര്‍പ്പിച്ച ടെന്‍ഡറുകളിലെ സാങ്കേതിക വിവരങ്ങള്‍ പരിശോധിക്കുന്ന ജോലി പൂര്‍ത്തിയായി. സാമ്പത്തിക വശം കൂടി പരിശോധിച്ച ശേഷം യോഗ്യതയുള്ള കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കും.
മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് നികത്തിയെടുത്ത 25 ഹെക്ടര്‍ സ്ഥലം ഉടനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമാകും. ബോള്‍ഗാട്ടിയിലും വല്ലാര്‍പാടത്തും പാലം എത്തിച്ചേരേണ്ട സ്ഥലത്ത് നികത്തല്‍ നടന്നു വരികയാണ്. മറൈന്‍ ഡ്രൈവിലും ബോള്‍ഗാട്ടിയിലുമായി മൂന്ന് ഡ്രഡ്ജറുകളാണ് ഇപ്പോള്‍ നികത്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ഡ്രഡ്ജര്‍ കൂടി ഉടന്‍ എത്തിച്ചേരുമെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ കായല്‍ നികത്തിയെടുത്ത സ്ഥലത്ത് നിന്നാണ് ബോള്‍ഗാട്ടിലേക്കുള്ള ആദ്യത്തെ പാലം ആരംഭിക്കുക. ബോള്‍ഗാട്ടിയില്‍ നിന്ന് വല്ലാര്‍പാടത്തേക്കും അവിടെ നിന്ന് വൈപ്പിനിലേക്കുമാണ് അടുത്ത രണ്ട് പാലങ്ങള്‍.
2003ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രാഥമികഘട്ടത്തിന് 11 കോടി രൂപയും രണ്ടാംഘട്ടത്തിന് 30 കോടി രൂപയുമാണ് ചെലവ്. മൂന്നാംഘട്ടത്തില്‍ 13 കോടി രൂപയും നാലാംഘട്ടത്തില്‍ 30 കോടി രൂപയും ആവശ്യമായി വരും. കായല്‍ നികത്തിയെടുക്കുന്ന സ്ഥലം വിറ്റ് നിര്‍മ്മാണച്ചെലവ് വീണ്ടെടുക്കാനാണ് പദ്ധതി.
സംസ്ഥാന സഹകരണ ബാങ്ക് പണം വായ്പയായി നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍ പറഞ്ഞു. സഹകരണബാങ്കിന്റേതിലും മെച്ചപ്പെട്ട വാഗ്ദാനങ്ങളുമായി ഏതെങ്കിലും ധനകാര്യസ്ഥാപനങ്ങള്‍ വന്നാല്‍ അതും പരിഗണിക്കും.












Click it and Unblock the Notifications