ട്രെയിനു മുന്നില്‍ ചാടിയ യുവാവ് പരിക്കുകളോടെ ആശുപത്രിയില്‍
കൊച്ചി: അധ്വാനിച്ചുണ്ടാക്കിയ തുക വാടകഗുണ്ട തട്ടിയെടുത്തതില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി. ട്രെയിനിനു മുമ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മധുര സ്വദേശി ജോസഫിന്റെ മകന്‍ ചാള്‍സ് ബാബു (40)വിനെയാണ് രണ്ടു കൈകളും ഇടതുകാലും അറ്റുപോയ നിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യക്കച്ചവടക്കാരില്‍ നിന്നും വീണുകിട്ടുന്ന മീന്‍ പെറുക്കിവിറ്റ് ഉപജീവനം തേടിയിരുന്ന ചാള്‍സ് ബാബു രണ്ടു മാസം മുമ്പാണ് ഹാര്‍ബറിലെത്തിയത്. ഇതിനു മുമ്പ് കോഴിക്കോട് വീട്ടുജോലി ചെയ്യുകയായിരുന്നു.
സപ്തംബര്‍ ആറിന് ബുധനാഴ്ച ഹാര്‍ബറിലെ ഗുണ്ടകളിലൊരാള്‍ ചാള്‍സിന്റെ കൈയിലുണ്ടായിരുന്ന 40 രൂപ പിടിച്ചുവാങ്ങി. ഇതില്‍ നിരാശനായാണ് അറ്റ്ലാന്റിസ് ലവല്‍ക്രോസിന് സമീപം ട്രെയിനിനു മുമ്പില്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.
രണ്ടു കൈകളില്‍ കൂടി കയറിയിറങ്ങിയ ട്രെയിന്‍ ഇയാളെയും വലിച്ചുകൊണ്ട് കുറേദൂരം ഓടി. ഇതിനിടയിലാണ് ഇടതുകാല്‍ നഷ്ടപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴയുന്ന ചാള്‍സിന്റെ വലതുകാലിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications