അമേരിക്ക ഉപരോധം നീക്കണം: വാജ്പേയി
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കണമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ 13 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കിലെ ഏഷ്യാ സൊസൈറ്റിയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ ഗുണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടണം. ഉപരോധം ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തേണ്ടത് അമേരിക്കയാണെന്നും വാജ്പേയി പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തു നിന്ന് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നടപടിയെ പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. തീവ്രവാദത്തിനുള്ള പ്രോത്സാഹനം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇപ്പോഴത്തെ പാക് ഭരണകൂടം ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയുമായി നേരത്തേ ഉണ്ടാക്കിയ കരാറുകളെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഈ കരാറുകളെ ബഹുമാനിക്കാനും തീവ്രവാദം അവസാനിപ്പിക്കാനും പാകിസ്താന്‍ മുന്‍കൈയെടുത്താലേ ചര്‍ച്ച കൊണ്ട് പ്രയോജനമുള്ളൂ എന്നും വാജ്പേയി പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ സമ്മേളനത്തില്‍ സപ്തംബര്‍ എട്ട് വെള്ളിയാഴ്ച വാജ്പേയി പ്രസംഗിക്കും.












Click it and Unblock the Notifications