വല്ലാര്‍പാടം പദ്ധതി ചുമതല പി ആന്‍ഡ് ഒ പോര്‍ട്ട്സിന്
കൊച്ചി:വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ ചുമതല പി.ആന്‍ഡ് ഒ പോര്‍ട്സ് ഇന്ത്യാ ലിമിറ്റഡിന് നല്‍കാന്‍ കൊച്ചില്‍ പോര്‍ട്ട്സ് ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
കൊച്ചി തുറമുഖത്തിന്റെയും നഗരത്തിന്റെയും വികസനത്തില്‍ നാഴികക്കല്ലാകുന്ന 1874 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ പി ആന്‍ഡ് ഒ പോര്‍ട്സ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്.
ഈ ടെന്‍ഡര്‍ അംഗീകരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡിന്റെ തീരുമാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയരത്തിന്റെ അനുമതിക്കു വിധേയമായിരിക്കും. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ 2700 കോടി രൂപയുടെ റോയല്‍റ്റി പദ്ധതിയില്‍ നിന്നും ലഭിക്കുമെന്നാണ് പി ആന്‍ഡ് ഒ പോര്‍ട്സിന്റെ വാഗ്ദാനം.
ചരക്കു നീക്കം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇതില്‍ വര്‍ദ്ധനയുണ്ടാകും. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ വഴി നടക്കുന്ന ഇന്ത്യന്‍ ചരക്കുകളുടെ കയറ്റുമതിയില്‍ 80 ശതമാനത്തോളം കൊച്ചിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പദ്ധതിക്കാകുമെന്നാണ് കണക്കുകൂട്ടല്‍.
തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 11 ഡയറക്ടര്‍മാര്‍ പങ്കെടുത്തു. കൊച്ചി തുറമുഖ ട്രസ്റ്റും പി ആന്‍ഡ് ഒ പോര്‍ട്സും ചേര്‍ന്ന് രൂപീകരിക്കുന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുക. 26 ശതമാനം ഓഹരികള്‍ തുറമുഖ ട്രസ്റ്റിന്റേതായിരിക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിലവിലുള്ള രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ അവിടത്തെ 346 ജീവനക്കാര്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി പി ആന്‍ഡ് ഒ പോര്‍ട്സ് ഏറ്റെടുക്കും. അഞ്ച് മാസതത്തിനുള്ളില്‍ രാജീവ് ഗാന്ധി ടെര്‍മിനല്‍ കേന്ദ്രമാക്കി പി ആന്‍ഡ് ഒ പോര്‍ട്സ് പ്രവര്‍ത്തനം തുടങ്ങും .തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനുള്ളിലോ ഗോശ്രീ പാലങ്ങള്‍ പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിനകമോ വല്ലാര്‍പാടത്തേയ്ക്ക് പ്രവര്‍ത്തനം മാറ്റണമെന്നാണ് വ്യവസ്ഥ.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പി ആന്‍ഡ് ഒ 780 കോടി കോടി രൂപ ചിലവിടും. രാജീവ്ഗാന്ധി ടൈര്‍മിനല്‍ ഏറ്റെടുത്താലും തുറമുഖ ട്രസ്റ്റിന് പൈലറ്റേജ്, ബര്‍ത്ത് ചാര്‍ജ് തുടങ്ങിയവ നല്‍കണം. കണ്ടെയ്നര്‍ ടെര്‍മിനലിന്റെ കൈമാറ്റ ഫീസ് ഇനത്തിലും ഉപകരണങ്ങളുടെ വിലയായും 80 കോടി രൂപയോളം തുറമുഖ ട്രസ്റ്റിന് പി.ആന്‍ഡ് ഒ യില്‍നിന്നു ലഭിക്കും.
മുംബൈ ആസ്ഥാനമായ പി ആന്‍ഡ് ഒ പോര്‍ട്സ് ഇന്ത്യ ലിമിറ്റഡ് ആസ്ട്രേലിയയിലെ പി ആന്‍ഡ് ഒ പോര്‍ട്സിന്റെ അനുബന്ധ സ്ഥാപനമാണ് . പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കിയ ഏക സ്ഥാപനമാണ് പി ആന്‍ഡ് ഒ തുറമുഖത്ത് നടന്നു വന്ന സ്വകാര്യവത്കരണ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് മറ്റു കമ്പനികള്‍ പിന്മാറുകയായിരുന്നു.












Click it and Unblock the Notifications