ഡോ.സി.കെ.കരീം അന്തരിച്ചു
കൊച്ചി: പ്രമുഖ ചരിത്രകാരനും കേരള ഹിസ്ററി അസോസിയേഷന്‍ സെക്രട്ടറിയും കൊച്ചി സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാറുമായ ഡോ.സി.കെ.കരീം(72) സപ്തംബര്‍ 11 തിങ്കളാഴ്ച അന്തരിച്ചു.
ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അദ്ദേഹം എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശിയാണ്.
1958ല്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ ചരിത്രാധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഡോ.കരീം 1981ല്‍ സ്വമേധയാ പെന്‍ഷന്‍പറ്റി പിരിയുന്നതുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളേജുകളില്‍ പ്രവര്‍ത്തിച്ചു. ഒരു ദശകത്തോളം കേരള ഗസറ്റിയേഴ്സിന്റെ സ്റേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം 1973-75 കാലത്താണ് കൊച്ചി സര്‍വകലാശാല രജിസ്ട്രാറായിരുന്നത്.
വാട്ട് ഹാപ്പന്‍ഡ് ഇന്‍ ഇന്ത്യന്‍ ഹിസ്ററി, കേരള അണ്ടര്‍ ഹൈദരാലി ആന്റ് ടിപ്പു സുല്‍ത്താന്‍, ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ചരിത്രകഥകള്‍, ഇബ്നു ബത്തൂത്തയുടെ കള്ളക്കഥകള്‍, കേരള ചരിത്രവിചാരം എന്നിവയുള്‍പ്പടെ ഇരുപത്തിയഞ്ചോളം ഗ്രന്ഥങ്ങള്‍ ഡോ.കരീമിന്റെ സംഭാവനകളായുണ്ട്.
ഫാത്തിമയാണ് ഭാര്യ. ബാബു, സലീം, അല്ലി, ഷാഹിദ എന്നിവര്‍ മക്കളാണ്. സുലൈഖ, റഷീദ, അബ്ദുള്‍ സലാഹ് എന്നിവര്‍ മരുമക്കളും.
മൃതദേഹം ഖബറടക്കി
ഡോ.കരീമിന്റെ മൃതദേഹം സപ്തംബര്‍ 12 ചൊവാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ ജും ആ മസ്ജിദില്‍ ഖബറടക്കി. ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.എം.സെയ്ദ്, കെ.മുഹമ്മദാലി എം.എല്‍.എ., കെ.ബാബു എം.എല്‍.എ., ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ., ഡോ.സെബാസ്റ്യന്‍ പോള്‍ എം.എല്‍.എ., അഡ്വ.ബാലഗംഗാധരമേനോന്‍, പ്രൊഫ.കെ.വി.തോമസ് എന്നിവര്‍ കുമാരനാശാന്‍ നഗറിലെ വസതിയിലെത്തി ഡോ.കരീമിന് അന്ത്യോപചാരമര്‍പ്പിച്ചു.












Click it and Unblock the Notifications