ഇന്ന് ശ്രീനാരായണജയന്തി
യുഗപുരുഷനും നവോത്ഥാന നായകനുമായ ഗുരുദേവന്റെ സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍ മറ്റൊരു ചതയദിനം കൂടി. ശ്രീനാരായണഗുരുവിന്റെ 146-ാം ജന്മദിനവാര്‍ഷികമാണ് സപ്തംബര്‍ 13 ബുധനാഴ്ച.
നാടെങ്ങും വിവിധ ചടങ്ങുകളിലൂടെ ബുധനാഴ്ച ശ്രീനാരായണജയന്തി ആഘോഷിക്കുകയാണ്. കേരളീയരെ സാമൂഹികമുന്നേറ്റത്തിന്റെ ചരിത്രസന്ധിയിലൂടെ നയിച്ച യുഗപുരുഷനു മുന്നില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് മലയാളികള്‍ ചതയദിനത്തില്‍.
ഗുരുദേവന്‍ സമാധിയടഞ്ഞ ശിവഗിരിയില്‍ വിവിധ പരിപാടികളോടെ നാരായണജയന്തി ആഘോഷിക്കുന്നു. രാവിലെ 4.30ന് പൂജാപ്രാര്‍ഥനയുണ്ടാകും. 9.30ന് ആരംഭിക്കുന്ന ജപയജ്ഞം ഗുരുവിന്റെ സമാധിദിനമായ സപ്തംബര്‍ 21 വരെ നീണ്ടുനില്‍ക്കും. ശാശ്വതീകാനന്ദയാണ് ജപയജ്ഞം ഉദ്ഘാടനം ചെയ്യുന്നത്.
ചെമ്പഴന്തി ഗുരുകുലത്തിലും വിവിധ ചടങ്ങുകള്‍ ആചരിക്കും. ഉച്ചക്ക് ഒരു മണിക്ക് ഗുരുപൂജയും സമൂഹസദ്യയും നടക്കും. വൈകുന്നേരം നടക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്യും.
ഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഘോഷയാത്രകള്‍ സംഘടിപ്പിക്കും. വടക്കേ മലബാറില്‍ ദീപകാഴ്ചയിലൂടെയാണ് ചതയദിനം ആചരിക്കുന്നത്. സന്ധ്യാനേരത്ത് വീടുകളിലും കടകളിലും അനേകം മെഴുകുതിരികളുടെ ദീപശോഭ തെളിയും.
ജാതിവ്യവസ്ഥയുടെ അനീതികള്‍ക്കെതിരെ പോരാടാന്‍ മാനവികതയുടെ പുതിയ മൂല്യപാഠങ്ങള്‍ കേരളീയര്‍ക്ക് പകര്‍ന്ന ഗുരുദേവന്‍ തിരികൊളുത്തിയ സാമൂഹിക വിപ്ലവം കേരളമാകെ പടര്‍ന്നുപിടിക്കുകയായിരുന്നു. സാമൂഹികപരിഷ്കര്‍ത്താവെന്നതിനു പുറമെ ആത്മീയപുരുഷനും കവിയുമായ യോഗിവര്യന്‍ 72-ാം വയസിലാണ് സമാധിയായത്.












Click it and Unblock the Notifications