തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നു
തിരുവനന്തപുരം: ഓണക്കാലത്ത് മന്ദഗതിയിലായിരുന്ന കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണം ഓണം കഴിഞ്ഞതോടെ വീണ്ടും സജീവമായി. സപ്തംബര്‍ 27നാണ് വോട്ടെടുപ്പ്.
വീടുവീടാന്തരം കയറിയുള്ള വോട്ടുചോദിക്കലിനാണ് എല്ലാ കക്ഷികളും പ്രാധാന്യം നല്കുന്നത്. ജനകീയാസൂത്രണം തന്നെയാണ് പ്രധാന പ്രചരണവിഷയം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതിന്റെ നേട്ടങ്ങള്‍ ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജനകീയാസൂത്രണത്തിലെ അപാകതകളാണ് ഐക്യമുന്നണി വിഷയമാക്കുന്നത്.
അഴിമതിരഹിതമായ ഭരണമാണ് തങ്ങളുടേതെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. പ്രതിപക്ഷത്തെ മിക്ക നേതാക്കളും അഴിമതിക്കേസുകള്‍ നേരിട്ട് കോടതി കയറിയിറങ്ങുന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ സര്‍വത്ര അഴിമതിയാണ് എന്ന വാദവുമായാണ് യു.ഡി.എഫ്. ഇടതുപക്ഷത്തിന്റെ ആക്രമണത്തെ ചെറുക്കുന്നത്.
റിബല്‍ ശല്യം ഇരുമന്നണികള്‍ക്കും ഒരുപോലെ പ്രശ്നമാകുന്നുണ്ട്. എങ്കിലും കൂടുതല്‍ ശല്യം കോണ്‍ഗ്രസ്സിനു തന്നെയാണ്. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പൊന്നും റിബലുകള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. മറുഭാഗത്ത് കുറച്ചുകൂടി ശക്തമായ സംഘടനാ സംവിധാനമുള്ള സി.പി.എം. റിബലുകളെ ഒരു പരിധി വരെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ചില സ്ഥലങ്ങളില്‍ ഘടകകക്ഷികള്‍ സി.പി.എമ്മുമായി ഇടഞ്ഞു നില്പാണ്. ഓണത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും റിബലുകളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇരുപക്ഷത്തേയും നേതാക്കള്‍.
വടക്കന്‍ കേരളത്തില്‍ പലയിടത്തും സി.പി.എമ്മും മുസ്ലിം ലീഗും കൈകോര്‍ത്താണ് മത്സരം. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കളാരും ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ പ്രകടമായ അസ്വാരസ്യങ്ങള്‍ നിലനില്ക്കുകയാണ്. ചിലയിടങ്ങളില്‍ രണ്ടു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരസ്പരം മത്സരിക്കുന്നുണ്ട്.
കോട്ടയത്തിന്റെ ചില ഭാഗങ്ങളില്‍ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും ബി.ജെ.പിയും രഹസ്യ ധാരണയുണ്ടാക്കിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇരു കക്ഷികളും ഇത് സമ്മതിച്ചിട്ടില്ല. ബി.ജെ.പിയും കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തു നില്പാണെന്ന ആരോപണം ഇക്കുറിയും എല്‍.ഡി.എഫ്. ഉയര്‍ത്തുന്നു. മലബാറില്‍ ഏതാനും പഞ്ചായത്തുകളില്‍ വിജയിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് ഇതുവരെ സംസ്ഥാനത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
മുസ്ലിം ലീഗുമായി സി.പി.എം. ധാരണയുണ്ടാക്കിയത് യു.ഡി.എഫില്‍ നിലനില്ക്കുന്ന ഭിന്നത മുതലെടുക്കാനാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരിച്ചു. കാസര്‍കോട്ട് ഐ.എന്‍.എല്ലുമായി ധാരണയുണ്ടാക്കിയതിനെയും സി.പി.എം. സെക്രട്ടറി ന്യായീകരിച്ചു. എന്നാല്‍ ലീഗുമായുള്ള ബന്ധം സി.പി.എമ്മിന്റെ ഔദ്യോഗിക നയത്തിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ ഭരണത്തിന്റെ വിലയിരുത്തല്‍ അല്ലെന്ന പ്രതിപക്ഷ നേതാവ് ആന്റണിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നാണ് ഇടതുമുന്നണി നേതാക്കളുടെ അഭിപ്രായം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടു പോലും വിജയം ഉറപ്പുവരുത്താനാവാത്ത നിരാശയില്‍ നിന്നുണ്ടായതാണ് ഈ പ്രസ്താവനയെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications