ദാവൂദ് ഇനി എതിരില്ലാത്ത നേതാവ്
മുംബൈ: ഛോട്ടാരാജന്റെ കൊലപാതകത്തോടെ മുംബൈ അധോലോകത്തിന്റെ അധികാര സമവാക്യങ്ങള്‍ മാറിമറിയുമെന്നുറപ്പായി. ദാവൂദ് ഇബ്രാഹിം സംഘത്തിന് ഇതോടെ മേല്‍ക്കൈ വന്നിരിക്കുകയാണ്. മുംബൈ സാമ്രാജ്യം ഏതാണ്ടു പൂര്‍ണ്ണമായി തന്നെ ദാവൂദ് സംഘത്തിനു ലഭ്യമാകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ദാവൂദ് , ഛോട്ടാരാജന്‍, അമര്‍ നായിക് , അരുണ്‍ ഗാവ്ലി എന്നിവരുടെ നാലു സംഘങ്ങള്‍ ആയിരുന്നു മുംബൈ അധോലോകത്തെ ഇതുവരെ നിയന്ത്രിച്ചിരുന്നത് . കള്ളക്കടത്തും വാടകക്കൊലപാതകങ്ങളും കുടിയൊഴിപ്പിക്കലും മറ്റുമായിരുന്നു ഈ സംഘങ്ങളുടെ പ്രധാന പരിപാടികള്‍ . ഒപ്പം പരസ്പരമുള്ള ഏറ്റുമുട്ടലുകളും.
1980 കളില്‍ റാം നായിക് എന്ന അധോലോക നായകനു കീഴില്‍ പരിശീലനം നേടിയവര്‍ ആയിരുന്നു ഈ നാലു പേരും. ആദ്യ കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഛോട്ടാ രാജന്‍. 1993 ലെ മുംബൈ ബോംബ് സ്ഫോടന പരമ്പര ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്തതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതെന്നാണ് അധോലോകത്തെ സംസാരം.
മുംബൈയുടെ പ്രാന്തപ്രദേശങ്ങള്‍ പങ്കിട്ടെടുത്തായിരുന്നു ഈ നാലു ഗ്രൂപ്പുകളടെയും പ്രവര്‍ത്തനങ്ങള്‍. 200 ല്‍ അധികം അംഗങ്ങളുള്ള ദാവൂദ് സംഘമാണ് ഇവരില്‍ ഏറ്റവും ശക്തര്‍. ആദ്യം ദുബായില്‍ നിന്നും ഇപ്പോള്‍ കറാച്ചിയില്‍ നിന്നും ദാവൂദ് സംഘത്തെ നിയന്ത്രിക്കുന്നു. അടുത്ത അനുയായികളായ ഛോട്ടാ ഷക്കീലിനും അബു സലീമിനുമാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍. വടക്കു പടിഞ്ഞാറന്‍ മുംബൈ പ്രദേശങ്ങള്‍ ആണ് ഇവരുടെ ശക്തികേന്ദ്രം.
കൊല്ലപ്പെട്ട ഛോട്ടാരാജന്‍ ചെമ്പൂര്‍ കേന്ദ്രമാക്കി വടക്കു കിഴക്കന്‍ മുംബൈ നിയന്ത്രിക്കുകയായിരുന്നു. മറ്റൊരു നായകനായ അമര്‍ നായിക് രണ്ടു വര്‍ഷം മുമ്പ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മധ്യ മുംബൈ ആയിരുന്നു നായികിന്റെ ആസ്ഥാനം. ബൈക്കുള കേന്ദ്രമാക്കിയായിരുന്നു അരുണ്‍ ഗാവ്ലിയുടെ ഇടപാടുകള്‍.
നായിക് കൊല്ലപ്പെടുകയും ഗാവ്ലി സംഘത്തിന്റെ ശക്തി ക്ഷയിക്കുകയും ചെയ്തതോടെ ദാവൂദ്, രാജന്‍ സംഘങ്ങള്‍ അധോലോകത്തെ എതിരില്ലാത്ത രാജാക്കന്മാര്‍ ആയി മാറുകയായിരുന്നു.ഇപ്പോള്‍ ഛോട്ടാ രാജനെ വകവരുത്തിയതിലൂടെ മുംബൈ അധോലോകത്തിന്റെ മുഴുവന്‍ അധീശത്വവും ദാവൂദ് ഇബ്രാഹിം സംഘത്തിനു കൈ വന്നിരിക്കുകയാണ്.












Click it and Unblock the Notifications