പുണ്യാഹം: വിവാദം ശക്തമാവുന്നു
ഗുരുവായൂര്‍: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയത് വന്‍വിവാദമാകുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി സി.കെ. നാണു പറഞ്ഞു. പുണ്യാഹം നടത്തിയതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വയലാര്‍ രവി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തയച്ചതിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ 16 ശനിയാഴ്ച വൈകുന്നേരം ഗുരുവായൂര്‍ ഭരണസമിതി യോഗം ചേരുകയാണ്.
അതിനിടെ പുണ്യാഹം നടത്തിയ നടപടി ശരിയായിരുന്നുവെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരി പറഞ്ഞു. ദിവാകരന്‍ നമ്പൂതിരിയായിരുന്നു പുണ്യാഹത്തിന് നിര്‍ദേശം നല്‍കിയത്.
ക്ഷേത്രത്തിലെ ചടങ്ങുകളെ കുറിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. തന്ത്രിക്ക് പറയാനുള്ളത് അറിഞ്ഞതിനു ശേഷം ശനിയാഴ്ചത്തെ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വേണുഗോപാലക്കുറുപ്പ് വ്യക്തമാക്കി.
വയലാര്‍ രവിയുടെ മകന്‍ ഉണ്ണി വിവാഹശേഷം വധുവിനോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് പുണ്യാഹം നടത്തിയത്. ഒരു അഹിന്ദു ക്ഷേത്രത്തില്‍ കടന്നതായി തന്ത്രിയെ അറിയിച്ച ക്ഷേത്രം അധികൃതര്‍ എന്തുചെയ്യണമെന്ന് തന്ത്രിയോട് ആരായുകയായിരുന്നു. തുടര്‍ന്ന് പുണ്യാഹത്തിനുള്ള പണം ആവശ്യപ്പെട്ട ക്ഷേത്രഅധികൃതര്‍ക്ക് മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.ടി. മോഹനകൃഷ്ണനാണ് 1500 രൂപ നല്‍കിയത്. വധുവിന്റെ ഒരു ബന്ധുവിന്റെ പേരിലാണ് പണം അടച്ചത്.
തന്റെ മകന്‍ അഹിന്ദുവാണെന്ന് തീരുമാനിച്ച് പുണ്യാഹം നടത്തിയതിനെ രവി ദേവസ്വം ബോര്‍ഡ് ചെയര്‍മാനുള്ള കത്തില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഹിന്ദു ആചാര പ്രകാരം വളര്‍ന്നിട്ടുള്ള തന്റെ മകനെ അഹിന്ദുവാണെന്ന് വിധിച്ചതിനെയാണ് രവി ചോദ്യം ചെയ്യുന്നത്.
ഉണ്ണി ഹിന്ദു ആചാര പ്രകാരമാണ് വളര്‍ന്നതെന്ന് രവിയുടെ ഭാര്യ മേഴ്സി രവിയും പറഞ്ഞു. ഉണ്ണിയെ മാമോദീസ മുക്കിയിട്ടില്ല. മാമോദീസ മുക്കിയാല്‍ മാത്രമേ ക്രിസ്ത്യാനിയാകൂവെന്ന് മേഴ്സി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications