ഹെലികോപ്ടര്‍ തകര്‍ന്ന് മന്ത്രിയടക്കം 15 പേര്‍ മരിച്ചു
കൊളംബോ : കൊളംബോക്കും അമ്പാരക്കുമിടയിലുള്ള വനപ്രദേശത്ത് സപ്തംബര്‍ 16 ശനിയാഴ്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ശ്രീലങ്കന്‍ തുറമുഖ വകുപ്പ് മന്ത്രി എം.എച്ച്.എം. അഷ്റഫ് ഉള്‍പ്പടെ 15 പേര്‍ മരിച്ചു.
ശ്രീലങ്കന്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. കത്തിക്കരിഞ്ഞ നിലയില്‍ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല.
അരനായകെക്ക് മുകളിലൂടെ പറക്കുമ്പോഴാണ് ഹെലികോപ്ടറിന് കൊളംമ്പോയുമായുള്ള വാര്‍ത്താവിനിമയ ബന്ധം നഷ്ടമായത്. സാങ്കേതിക തകരാറുകള്‍ മൂലമാണ് ഹെലികോപ്ടര്‍ തകരാനിടയായതെന്നാണ് ഔദ്യോഗിക ഭാഷ്യം. തമിഴ് പുലികള്‍ അട്ടിമറിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു.
കല്‍മുനായ് അമ്പാര മേഖലകളില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അഷ്റഫ് കൊളംബോയില്‍ നിന്നും ഹെലികോപ്ടറില്‍ യാത്ര തിരിച്ചത്. തകര്‍ന്നു വീണ ഹെലികോപ്ടറില്‍ അഞ്ചു പേര്‍ വ്യോമസേന ഉദ്യോഗസ്ഥരായിരുന്നു.












Click it and Unblock the Notifications