ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല
മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസനീയമായ വിവരങ്ങള്‍ കിട്ടിയതായി സപ്തംബര്‍ 17 ഞായറാഴ്ച വൈകുന്നേരത്തോടെ മുംബൈ പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജനെ തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കിലെ സ്മിതിവേജ് ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തില്‍ നിന്നു രണ്ടു വെടിയുണ്ടകള്‍ പുറത്തെടുത്തിട്ടുണ്ട്.
വെടിയേറ്റതിനെത്തുടര്‍ന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും എടുത്തു ചാടിയപ്പോള്‍ രണ്ടു കാലുകളും ഒടിഞ്ഞിട്ടുണ്ട് .ഇന്റര്‍പോളും സി.ബി.ഐ യും കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രമിച്ചു വരികയാണ്. വിദേശ മന്ത്രാലയം വഴി ബാങ്കോക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസും. രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ അതിശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിക്കുകയാണെന്നറിയുന്നു.
ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം
ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്നതിന് കൂടുതല്‍ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിടയില്‍ അധോലോക നായകനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുംബൈ പോലീസ് തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ രാജന്‍ മുംബൈ പോലീസിന്റെ ഹിറ്റ്ലിസ്റ്റിലെ മുന്‍നിരക്കാരിലൊരാളാണ്. എങ്ങനെയും ഇയാളെ ഇന്ത്യയിലെത്തിക്കുന്നതിനാണ് ശ്രമം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊലീസ് പിടിയില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന രാജന്‍ മലേഷ്യ ആസ്ഥാനമാക്കി തന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു വരികയായിരുന്നു.
എന്നാല്‍ രാജനെ ഇന്ത്യയിലെത്തിക്കുന്നത് അത്ര എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടു കാരണങ്ങള്‍ കൊണ്ടാണിത്. ഒന്നാമതായി കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യയും തായ്ലണ്ടും തമ്മില്‍ ധാരണയൊന്നുമില്ല.
രണ്ടാമതായി തായ്ലണ്ടുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അത്ര ശക്തവുമല്ല. 1980 കളിലെ ചാള്‍സ് ശോഭരാജ് കേസ് ആണ് ഇതിനു കാരണം. ചാള്‍സ് ശോഭരാജ് എന്ന ഭീകര കുറ്റവാളി തായ്ലണ്ടില്‍ നിന്നും രക്ഷപ്പെട്ട്് ഇന്ത്യയിലെത്തിയിരുന്നു. അന്ന് തായ് പൗരന്മാരെ കൊലപ്പെടുത്തി ഇന്ത്യയിലെത്തിയ ശോഭരാജിനെ വിട്ടു കിട്ടുന്നതിനു വേണ്ടി തായ് അധികൃതര്‍ ഇന്ത്യയെ സമീപിച്ചുവെങ്കിലും ഇന്ത്യ അയാളെ വിട്ടു കൊടുത്തിരുന്നില്ല. അതിനാല്‍ ഛോട്ടാരാജനെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ തായ് അധികൃതര്‍ ആവശ്യം നിരസിക്കാനാണ് സാധ്യതയെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications