അഹമ്മദാബാദില്‍ പൊലീസ് വെടിവയ്പ് , അഞ്ചു മരണം
അഹമ്മദാബാദ്: അഹമ്മദാബാദിലെ ദാരിയാപൂരില്‍ ഇരു വിഭാഗം രാഷ്ട്രീയപ്പാര്‍ട്ടിപ്രവത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സപ്തംബര്‍ 17 ഞായറാഴ്ചയുണ്ടായ പൊലീസ് വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. ഏഴില്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
പ്രാദേശിക ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നഗരത്തിലെ സേവാദള്‍ യൂണിറ്റ് നേതാവ് വാസ്റാം റാവത്തും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവങ്ങളെത്തുടര്‍ന്ന് ദാരിയാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ നഗരത്തിലെ മറ്റു ഭാഗങ്ങളിലും ഗുജറാത്തിലെ മറ്റു ചില തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
ദാരിയാപൂരിലെ ജോര്‍ദാന്‍ റോഡ് പ്രദേശത്ത് ചില ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതു സംബന്ധിച്ചുണ്ടായ വാക്കു തര്‍ക്കങ്ങള്‍ ഏറ്റുമുട്ടലിലും പൊലീസ് വെടിവയ്പിലും കലാശിക്കുകയായിരുന്നു. ആദ്യം കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കിയെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications