രാമക്ഷേത്രം : പ്രതിജ്ഞയെടുക്കുമെന്ന് വി.എച്ച്.പി
ഹൈദരാബാദ്: സോമനാഥക്ഷേത്രത്തില്‍ ജലാഭിഷിക ആഘോഷത്തിനെത്തുന്നവര്‍ ചടങ്ങിന്റെ അവസാനം അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി പ്രതിജ്ഞയെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ബായി തോഗഡിയ പറഞ്ഞു.
ഹൈദരാബാദില്‍ സപ്തംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോഗഡിയ. വടക്കേ ഇന്ത്യയില്‍ ആരാധനാലയങ്ങളില്‍ ബോംബ് സ്പോടനം നടത്തിയ ദീന്‍ദര്‍ അഞ്ജുമന്‍ എന്ന സംഘടനയെ നിരോധിക്കാത്തതിന് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ദീന്‍ദര്‍ അഞ്ജുമന്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഐഎസ്ഐയുടെ സഹായത്തോടെയാണ് ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് ക്രൈസ്തവനേതൃത്വം വി.എച്ച്.പിയ്ക്കെതിരെ പ്രചാരണം നടത്തുന്നതിനെ അദ്ദേഹം അപലപിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ അന്താരാഷ്ട്രരംഗത്ത് നാണം കെടുത്താന്‍ വേണ്ടിയാണ് ഈ പ്രചാരണം നടത്തുന്നത്.
സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ട് ക്രൈസ്തവനേതൃത്വത്തിന്റെ ആരോപണം ശരിയല്ലെന്നു തെളിയിച്ചിരിക്കുകയാണ്. സംഭവങ്ങളില്‍ വി.എച്ച്.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications