ലങ്കയില്‍ പുലികള്‍ തിരിച്ചടിക്കുന്നു
കൊളംബോ: ചാവക്കച്ചേരി തിരിച്ചു പിടിച്ച ലങ്കന്‍ സേനയ്ക്കെതിരേ പുലികള്‍ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ജാഫ്ന മേഖലയില്‍ നടക്കുന്ന പൊരിഞ്ഞ പോരാട്ടത്തില്‍ ഇരുഭാഗത്തുമായി 123 പേരെങ്കിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
പുലികള്‍ ശക്തമായി തിരിച്ചടിച്ചു തുടങ്ങിയതായി ശ്രീീലങ്കന്‍ സൈനിക വൃത്തങ്ങളും സമ്മതിച്ചിട്ടുണ്ട് . ജാഫ്ന പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചാവക്കച്ചേരി യിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. സപ്തംബര്‍ 17 ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ലങ്കന്‍ സേന പുലികളില്‍ നിന്നും ചാവക്കച്ചേരി പിടിച്ചെടുത്തിരുന്നു.
സപ്തംബര്‍ 18 തിങ്കളാഴ്ച ഇതിന് പകരമായി പുലികള്‍ തിരിച്ചടിക്കുകയായിരുന്നു. പോരാട്ടത്തില്‍ 75 ല്‍ അധികം പുലികളെങ്കിലും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.20 ല്‍ അധികം സൈനികരും കൊല്ലപ്പെട്ടു. 28 ല്‍ അധികം പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ കൃത്യമായി വെളിപ്പെടുത്താന്‍ സൈനിക വൃത്തങ്ങള്‍ വിസമ്മതിച്ചു. പോരാട്ടത്തില്‍ പത്തിലധികം പെണ്‍പുലികളും കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications