കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര പദ്ധതി കേരളം നടപ്പാക്കുന്നില്ലെന്ന് ജോഷി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേന്ദ്രം ആവിഷ്കരിക്കുന്ന പല പദ്ധതികളും കൃത്യമായി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കേന്ദ്ര മാനവ ശേഷി വികസന വകുപ്പുമന്ത്രി മുരളീ മനോഹര്‍ ജോഷി ആരോപിച്ചു. കൊച്ചിയില്‍ സപ്തംബര്‍ 18 തിങ്കളാഴ്ച ബിസിനസ് ദീപിക അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് പല രംഗത്തും പുരോഗതിക്ക് തടസ്സമായത്. വിദ്യാഭ്യാസരംഗത്ത് മേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യുജിസി പദ്ധതി ഇപ്പോഴും നടപ്പാക്കിയിട്ടില്ല. മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളെ എല്ലാ സഹായവും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം അവസരത്തിനൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കാന്‍ കേരളം തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്വെയര്‍ വികസനത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ലോകത്ത് 13 ശതമാനത്തില്‍ താഴെ വരുന്ന ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഇംഗ്ലീഷിന്റെ പിടിയില്‍ നിന്നും വിവരസാങ്കേതിക വിദ്യക്ക് മോചനം ലഭിക്കണം. സാംസ്കാരികമായ ആക്രമണങ്ങളെ ചെറുക്കാനും ഇതു കൂടിയേ തീരൂ. വിവരസാങ്കേതികവിദ്യയില്‍ നിന്നുള്ള സാമൂഹ്യപ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെങ്ങുമുള്ള വന്‍ വ്യവസായഗ്രൂപ്പുകള്‍ നിക്ഷേപത്തിനായി ഇന്ത്യയെ തിരഞ്ഞെടുക്കുകയാണ്. വിദേശ ഇന്ത്യക്കാരും നാട്ടില്‍ നിക്ഷേപത്തിന് മടി കാണിക്കുന്നില്ല. വിഭവശേഷി പരിമിതമായ വികസ്വരരാജ്യങ്ങള്‍ക്ക് പുരോഗതിയിലേക്കുള്ള വഴി കാണിക്കാന്‍ വിവരസാങ്കേതിക വിദ്യക്കു കഴിയും. വികസിത രാജ്യങ്ങള്‍ ആ നില കൈവരിക്കുന്നതിന് നടത്തിയ തീവ്രശ്രമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നേറാനുള്ള അവസരമാണ് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X