കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിധിനിര്‍ണയത്തിന് എട്ട് ദിവസം ബാക്കിനില്‍ക്കെ എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും തിരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്ക്. രണ്ട് പ്രമുഖമുന്നണികളുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ കാര്യമായി ആളെ കിട്ടാത്തതിനാല്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് മുന്നണികളുടെ തീരുമാനം.

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ചില വാര്‍ഡുകളില്‍ ഫലപ്രാപ്തിയിലെത്തിയത് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്നു. ഇനിയും ഒത്തുതീര്‍പ്പിന് വഴങ്ങാത്ത വിമത സ്ഥാനാര്‍ഥികളെ പുറന്തള്ളാനുള്ളനീക്കത്തിലാണ് പാര്‍ട്ടികള്‍. പക്ഷേ പ്രചാരണത്തില്‍ ഏറെ മുന്നേറിയ ഏതാനും റിബല്‍ സ്ഥാനാര്‍ഥികള്‍ പലയിടത്തും ഔദ്യോഗക സ്ഥാനാര്‍ഥികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കഴിഞ്ഞു. ഒതുക്കാനാവാത്ത വിമതരെ പുറത്താക്കുന്ന നടപടി കോണ്‍ഗ്രസ് തുടരുകയാണ്. ജില്ലയില്‍ ഇതിനകം അറുപതോളം പേര്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

റിബലുകള്‍ ഒത്തുതീര്‍പ്പിന് തയാറായ പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന നോട്ടീസുകള്‍ ഇറങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറുകയാണെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നവയാണ് നോട്ടീസുകള്‍. ഘടകകക്ഷികള്‍ വിമതരായി രംഗത്തുവന്ന വാര്‍ഡുകളില്‍ കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. വാര്‍ഡുകളില്‍ സ്വാധീനമില്ലാത്ത ചെറുകക്ഷികളുടെ സാന്നിധ്യം മുന്നണിയിലെ വലിയ കക്ഷികളെ ഭയപ്പെടുത്തില്ലെന്നതാണ് സത്യം.

മുന്നണി വിട്ടുള്ള ബന്ധങ്ങള്‍ പല വാര്‍ഡുകളിലുമുണ്ട്. കോതമംഗലത്തെ കോട്ടപ്പടി ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയോടൊപ്പമാണ്. എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മാണി ഗ്രൂപ്പ് മത്സരിക്കുന്ന മൂന്നാം വാര്‍ഡില്‍ ജേക്കബ് ഗ്രൂപ്പാണ് എതിരാളി.

പറവൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സിപിഎമ്മും സിപിഐയും ചേര്‍ന്ന് സീറ്റുകള്‍ പങ്കിട്ടെടുത്തതില്‍ മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ പ്രതിഷേധത്തിലാണ്. ആലങ്ങാട്, കോട്ടുവള്ളി, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകളിലാണ് സിപിഎമ്മും സിപിഐയും മുന്നണി സംവിധാനത്തെ അവഗണിച്ച് മുഴുവന്‍ സീറ്റുകളും കൈയടക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി, കേരള കോണ്‍ഗ്രസ്-ജെ, ജനതാദള്‍ എന്നീ കക്ഷികള്‍ ചില വാര്‍ഡുകളില്‍ മത്സരിക്കുന്നു. ചിറ്റാറ്റുകരയിലും വടക്കേക്കരയിലും സിപിഐക്ക് നല്‍കിയ സീറ്റില്‍ സിപിഎം വിമതരായി മത്സരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.

പാമ്പാക്കുട പഞ്ചായത്തിലും സിപിഐയെ സിപിഎം ശ്വാസംമുട്ടിക്കുന്നുണ്ട്. ഇവിടെ ഒമ്പതാം വാര്‍ഡില്‍ സിപിഎമ്മിന്റെ ഡമ്മി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചിട്ടില്ല. പാമ്പാക്കുടയില്‍ തന്നെ മറ്റൊരു ഡിവിഷനില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും പരസ്പരം മത്സരിക്കുന്നു.

വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫും മുസ്ലിം ലീഗും തമ്മില്‍ പല സ്ഥലത്തും രൂപപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പ് ധാരണ എറണാകുളം ജില്ലയില്‍ ഒരിടത്തുമില്ല. പല വാര്‍ഡുകളിലും ലീഗ് സ്ഥാനാര്‍ഥികളും സിപിഎമ്മും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് അരങ്ങേറുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X