സിടിബിടി: നിയന്ത്രണങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ല
ഫ്രാങ്ക്ഫര്‍ട്ട്: സമഗ്ര ആണവ നിരോധന കരാറിന്റെ (സിടിബിടി) കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി. അങ്ങനെ വന്നാല്‍ അത് തന്ത്രപ്രധാനമായ പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാവുമെന്ന് വാജ്പേയി പറഞ്ഞു. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ സമവായത്തിന് ഇന്ത്യ തുടര്‍ന്നും ശ്രമിക്കും.
വാഷിംഗ്ടണില്‍ വെച്ച് കരാറില്‍ ഒപ്പിടാന്‍ എന്റെ മേല്‍ സമ്മര്‍ദ്ദം കൂടുമെന്ന് വ്യാപകമായ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. അതിനാല്‍ തന്നെ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനവുമില്ല, അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രധാനമന്ത്രി യാത്രമധ്യേ പറഞ്ഞു.
ഇരുരാജ്യങ്ങളും താന്താങ്ങളുടെ ദേശീയ താല്പര്യമനുസരിച്ചായിരിക്കും ആണവ നിരോധനക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് താനും അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു രാജ്യവും മറ്റൊരു രാജ്യത്തിനു മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയില്ല. ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സ്വാതന്ത്യ്രമുണ്ട്, വാജ്പേയി വ്യക്തമാക്കി.
പാകിസ്ഥാനുമായി അര്‍ത്ഥവത്തായ ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ ഇതിനായി പാകിസ്ഥാന്‍ ദേശാന്തര-അതിര്‍ത്തി തീവ്രവാദം അവസാനിപ്പിക്കുകയും മുമ്പുണ്ടാക്കിയ കരാറുകള്‍ നടപ്പിലാക്കാന്‍ തയ്യാറാവുകയും വേണം.
പ്രധാനമന്ത്രി സപ്തംബര്‍ 19 ചൊവാഴ്ച ഉച്ചയോടെ ദില്ലിയില്‍ തിരിച്ചെത്തും.












Click it and Unblock the Notifications