ഛോട്ടാരാജന്‍ വധശ്രമം: നാലു പേര്‍ അറസ്റ്റില്‍
ബാങ്കോക്ക് : അധോലോക നായകന്‍ ഛോട്ടാരാജനെതിരെയുള്ള വധശ്രമത്തില്‍ പങ്കാളികളാണെന്നു കരുതപ്പെടുന്ന നാലു പേരെ ബാങ്കോക്ക് പോലീസ് അറസ്റ്റ് ചെയ്തു. സപ്തംബര്‍ 20 ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ മൂന്നു പേര്‍ പാകിസ്ഥാന്‍കാരും ഒരാള്‍ തായ്ലണ്ടുകാരനും ആണ്. രാജനെ കൊലപ്പെടുത്തുക എന്ന ദൗത്യത്തോടെ തന്നെ നിയോഗിച്ചിരുന്നുവെന്ന് അറസ്റ്റിലായവരില്‍ ഒരാള്‍ സമ്മതിച്ചുവെന്നും പൊലീസ് അധികൃതര്‍ വെളപ്പെടുത്തി.
ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന രണ്ട് ഒമ്പത് എംഎം തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് സംഘം അടുത്തയാഴ്ച മുംബൈയിലെത്തുമെന്ന് തായ് അധികൃതര്‍ അറിയിച്ചു. അതിനിടെ മുംബൈ പൊലീസ് അന്വേഷണങ്ങള്‍ക്കായി തായ്ലണ്ടിലേയ്ക്കു തിരിച്ചതായും അറിയുന്നു.
സപ്തംബര്‍ 15 വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഛോട്ടാരാജന്‍ ഇപ്പോഴും ബാങ്കോക്കില്‍ തന്നെയാണെന്നാണ ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇയാളെ സുരക്ഷാ ഭീഷണി മൂലം മലേഷ്യയിലേയ്ക്കു മാറ്റിയെന്നായിരുന്നു നേരത്തേ ലഭിച്ച വിവരം.എന്നാല്‍ ഇത് തെറ്റാണെന്നും രാജന്‍ ബാങ്കോക്കിലെ സ്മിതിവേജ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഛഗന്‍ ഭുജ്ബല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാജന്‍ സുഖം പ്രാപിച്ചു വരുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇപ്പോഴും ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തന്നെയാണ്. ആശുപത്രിക്കു ചുറ്റുമുള്ള ശക്തമായ കാവല്‍ തുടരുന്നുണ്ട്.












Click it and Unblock the Notifications