ചിഹ്നം ചതിച്ചു;ദീപയെ ഇടതുമുന്നണി തള്ളി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ പോത്താനിക്കാട് ഡിവിഷനില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയില്ല. മുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന ദീപാ ഇന്ദുചൂഡനെ സപ്തംബര്‍ 21 വ്യാഴാഴ്ച മുന്നണി തള്ളിപ്പറഞ്ഞതോടെയാണിത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ദീപയെ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇടതുമുന്നണിയിലെത്തിച്ചത്. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ റോസമ്മ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രിക തളളിപ്പോയതിനെത്തുടര്‍ന്നായിരുന്നു ദീപയെ ഇടതുമുന്നണിയിലെടുത്തത്. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ തന്നെയായിരുന്നു ഈ നീക്കത്തിനു പിന്നില്‍ .എന്നാല്‍ ഇപ്പോള്‍ പോത്താനിക്കാട് ഡിവിഷനില്‍ മുന്നണിക്കു സ്ഥാനാര്‍ത്ഥിയില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി.
തങ്ങളുടെ സ്ഥാനാര്‍ത്ഥി ഇല്ലെന്നറിഞ്ഞ് ബി ജെ പി സ്ഥാനാര്‍ത്ഥിയെ ചാക്കിട്ടു പിടിക്കാന്‍ കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ കാട്ടിയ അമിതാവേശമാണ് ദീപയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി പോലും തേടാതെയായിരുന്നു ദീപയെ കളം മാറ്റി മത്സരിപ്പിക്കാന്‍ ജോസഫ് നേതാക്കള്‍ മുന്നിട്ടിറങ്ങിയത്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വേഷം കെട്ടുമ്പോള്‍ അതിനകം ബി ജെ പി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അനുവദിക്കപ്പെട്ട താമര ചിഹ്നവും ദീപയ്ക്ക് കൂടെ കൊണ്ടു പോരേണ്ടി വന്നു. താമര മാറ്റി സൈക്കിള്‍ ചിഹ്നമായി നല്‍കണമെന്ന ദീപയുടെ ആവശ്യം വരണാധികാരി നിരസിച്ചു. ദീപ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണെന്നു പ്രഖ്യാപിച്ച സ്ഥലത്തെ ഇടതുമുന്നണി നേതാക്കള്‍ ഇതോടെ പ്രതിസന്ധിയിലുമായി.
ചിഹ്നം ഏതായാലും വേണ്ടില്ല സ്ഥാനാര്‍ത്ഥി മതിയെന്ന ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട് അംഗീകരിക്കാന്‍ പക്ഷെ സി പി എമ്മും സി പി ഐ യും തയ്യാറായില്ല. പോത്താനിക്കാട് ഡിവിഷനില്‍ പാര്‍ട്ടി അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥി ഇടതുമുന്നണിക്കില്ലെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി എ പി വര്‍ക്കി പ്രഖ്യാപിച്ചു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പോത്താനിക്കാട് അടഞ്ഞ അധ്യായമാണെന്നും സി പി എം അണികള്‍ ഇവിടെ ആര്‍ക്കും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പോത്താനിക്കാട് ഡിവിഷനില്‍ ഏത് വിധേനയും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പ് നടത്തിയ ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന് സി പി ഐ നേതാവ് പി കെ വാസുദേവന്‍നായരും പറഞ്ഞതോടെ ജോസഫ് ഗ്രൂപ്പ് പ്രതിക്കൂട്ടിലായി.
പ്രചാരണത്തിന് സി പി എം ഇല്ലെന്നു വ്യക്തമായതോടെ ദീപയുടെ വിജയസാധ്യത ഇല്ലാതായി. സി പി എം പ്രവര്‍ത്തകരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു കിട്ടാതായപ്പോള്‍ ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകരും നേതാക്കളും പതുക്കെ രംഗത്തു നിന്നും പിന്‍വാങ്ങി. മുന്നണിയിലെ പ്രശ്നങ്ങള്‍ തീരുമെന്നു കരുതി കാത്തിരുന്ന ദീപയുടെ പ്രതീക്ഷകളും ഇതോടെ അസ്തമിച്ചു.
തിരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ഫോണിലൂടെയുള്ള വോട്ടു പിടുത്തം പോലും ഉപേക്ഷിച്ച മട്ടാണ് ദീപ. ഡിവിഷനില്‍ ആകെയുള്ള രണ്ട്സ്ഥാനാര്‍ത്ഥികളില്‍ ഒരളായിട്ട് പോലും ദീപയുടെ പോസ്റ്ററുകളോ ബാനറുകളോ എങ്ങും പതിച്ചിട്ടില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ലിസി ജോസ് അനായാസവിജയത്തിന്റെ പടിവാതില്‍ക്കലാണിപ്പോള്‍.
തിരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ ബി ജെ പി യുടെ റൂറല്‍ വൈസ് പ്രസിഡന്റും മഹിളാമോര്‍ച്ച പ്രവര്‍ത്തകയുമായിരുന്ന ദീപയെ കാലുമാറ്റത്തോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇടതുമുന്നണിയും ബിജെ പി യും കൈയ്യൊഴിഞ്ഞ ദീപ ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണ്.












Click it and Unblock the Notifications