കൊച്ചിയില്‍ വന്‍ കഞ്ചാവു വേട്ട
കൊച്ചി: ആന്ധ്ര പ്രദേശില്‍ നിന്ന് തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 150 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പൊലീസ് പിടിയിലായി. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ശെല്‍വം(40), മുരുകേശന്‍(37), പോതുമണി(35), വീരച്ചാമി(40), ദണ്ഡപാണി(37) എന്നിവരാണ് സപ്തംബര്‍21വ്യാഴാഴ്ച പോലീസ് പിടിയിലായത്. തമിഴ്നാട് സ്വദേശികളായ ഇവര്‍ ബന്ധുക്കളാണ്.
ദില്ലിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസില്‍ കഞ്ചാവു കടത്തുന്നുവെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം റെയില്‍വെ പൊലീസിന്റെ പിടിയിലായത്. സംഘത്തെക്കുറിച്ച് സംശയം തോന്നിയ തീവണ്ടിയിലെ സൂപ്പര്‍വൈസര്‍ റെയില്‍വെ പൊലീസിനു വിവരം കൈമാറി. തുടര്‍ന്ന് സംഘത്തെ നിരീക്ഷണ വിധേയമാക്കിയ പൊലീസ് എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റേഷനില്‍ ഇറങ്ങിയ ഉടനെ തന്നെ സംഘത്തെ അറസ്റു ചെയ്യുകയായിരുന്നു.
എസ്-ഒമ്പത് നമ്പരുള്ള കോച്ചില്‍ നിന്നു പുറത്തിറങ്ങിയ ഇവരുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. കൈവശമുണ്ടായിരുന്ന നാല് ഹാര്‍ഡ് ബോര്‍ഡ് പെട്ടികളും രണ്ട് ഹാന്‍ഡ് ബാഗും ബ്രീഫ് കെയ്സും പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശോധനയില്‍ 149 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പിടിയിലായവരെ കാരിയര്‍മാരായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വാറംഗലില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് കൈമാറിയത്. ഏജന്റിന് കൈമാറുന്നതിന് 5000 രൂപ പ്രതിഫലവും യാത്രക്കൂലിയും വഴിച്ചെലവും ലഭിക്കും.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications