സിപിഎം തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല: പത്മനാഭന്‍
തിരുവനന്തപുരം: സിപിഎം തങ്ങള്‍ക്ക് തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നീക്കുപോക്കുകളുണ്ടെന്നതിനെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. ഇനിയും ഞങ്ങള്‍ ഒരുമിക്കാന്‍ സാധിക്കും, കേസരി മെമ്മേറിയല്‍ ഹാളില്‍ സപ്തംബര്‍ 21 വ്യാഴാഴ്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പത്മനാഭന്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍ ബിജെപിക്ക് സിപിഎമ്മുമായി ധാരണയൊന്നുമില്ലെങ്കില്‍ പ്രാദേശികതലത്തില്‍ ഏതു പാര്‍ട്ടിയുമായും ധാരണയാകാന്‍ പാര്‍ട്ടി പ്രാദേശികഘടകങ്ങളക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയുണ്ടെന്ന മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. ചില സ്ഥലങ്ങളില്‍ ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളില്ല. പക്ഷെ അത് കോണ്‍ഗ്രസ്സിനെ സഹായിക്കാനാണ് എന്നു പറയുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുവെച്ചുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയുമായി ധാരണയുണ്ടെന്ന് തമ്മില്‍ തമ്മില്‍ ആരോപിക്കുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications