നാരായണപ്പണിക്കര്‍ ദേവസ്വം അംഗത്വം രാജിവെച്ചു
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ ഗുരുവായൂര്‍ ദേവസ്വം കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു.
നാരായണപ്പണിക്കര്‍ അംഗമായിരുന്ന ദേവസ്വം കമ്മിറ്റിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമതീരുമാനം കൈക്കൊള്ളാത്തതിനാലാണ് അദ്ദേഹം രാജിവെച്ചത്. സപ്തംബര്‍ 22 വെള്ളിയാഴ്ച ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. ലളിതാംബയ്ക്ക് എന്‍.എസ്.എസ് ഓണററി ലെയ്സണ്‍ ഓഫീസര്‍ അഡ്വ.എം.മനോഹരന്‍ രാജിക്കത്ത് നല്‍കും.
വിജിലന്‍സ് അന്വേഷണം നേരിടുന്ന പഴയ ദേവസ്വം കമ്മിറ്റിയിലെ അംഗമായ പണിക്കര്‍ ഇപ്പോഴത്തെ കമ്മിറ്റിയില്‍ അംഗമാണെന്നത് നേരത്തെ ഹൈക്കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. തുടര്‍ന്ന് പണിക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുന്നതുവരെ പണിക്കര്‍ കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ പണിക്കരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയില്ല.
ജൂലായ് മൂന്നാം തീയതിയാണ് പുതിയ ദേവസ്വം കമ്മിറ്റിയില്‍ അംഗമായി നാരായണപ്പണിക്കര്‍ സ്ഥാനമേറ്റത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ അന്തിമതീരുമാനമെടുക്കാമെന്നും നാരായണപ്പണിക്കരെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കാമെന്നും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിക്കര്‍ ദേവസ്വം കമ്മിറ്റിയില്‍ അംഗമാകാന്‍ തീരുമാനിച്ചത്.
പ്രൊഫ. രാമന്‍കര്‍ത്താ ചെയര്‍മാനായിരുന്ന ദേവസ്വം കമ്മിറ്റിക്കെതിരെയാണ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയത്. മറ്റ് അംഗങ്ങള്‍ക്കെതിരെ പണിക്കരും വിജിലന്‍സിന് തെളിവുകള്‍ നല്‍കിയിരുന്നു. കമ്മിറ്റിയിലെ എല്ലാം അംഗങ്ങളും അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചു.
കര്‍ത്താ ഒഴികെയുള്ള എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു. അഴിമിതി ആരോപണത്തിന് വിധേയരായ അംഗങ്ങളെ വീണ്ടും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കമ്മിറ്റി അംഗത്വം പണിക്കര്‍ നിരസിച്ചു. മറ്റുള്ളവര്‍ വീണ്ടും അംഗങ്ങളാകുന്നത് ഹൈക്കോടതി തടയുകയും ചെയ്തു.
തുടര്‍ന്നാണ് എം. വേണുഗോപാലകുറുപ്പ് ചെയര്‍മാനായി പുതിയ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ കമ്മിറ്റിയിലും പണിക്കരെ ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നതിനാല്‍ അംഗത്വം ഏറ്റെടുക്കുന്നതില്‍ പണിക്കര്‍ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചിരുന്നു.
പണിക്കര്‍ കുറ്റക്കാരനല്ലെന്ന് നേരത്തെ വിജിലന്‍സ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ അന്തിമതീരുമാനമെടുക്കാമെന്നും നാരായണപ്പണിക്കരെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കാമെന്നും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിക്കര്‍ ദേവസ്വം കമ്മിറ്റിയില്‍ അംഗമാകാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇതില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തി.തുടര്‍ന്നാണ് പണിക്കര്‍ രാജിവെച്ചത്.












Click it and Unblock the Notifications