ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു
ബാങ്കോക്ക് : പത്ത് കൊലപാതകങ്ങളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. രാജനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണിത്.
രാജനെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക നീക്കം ഉണ്ടായതായി തായ് പൊലീസ് അധികൃതര്‍ സപ്തംബര്‍ 23 ശനിയാഴ്ച വെളിപ്പെടുത്തി. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ മുഖേന തായ് പൊലീസിനോട് ഇന്ത്യ രേഖാമൂലം അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് . രാജന്റെ ഫോട്ടോകളും വിരലടയാളങ്ങളും ഇന്ത്യന്‍ അധികൃതര്‍ തായ് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇയാള്‍ ഒരു കുറ്റവാളിയാണെന്നു തെളിയിക്കത്തക്ക രേഖകളും കൈമാറിയിട്ടുണ്ട്. ഈ രേഖകള്‍ വച്ച് തങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും തായ് പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ രാജന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമാണെന്നും സംസാരശേഷി തിരിച്ചു കിട്ടിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനാല്‍ രാജനില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവര്‍ തന്നെയാണ് കൊലപാതകശ്രമം നടത്തിയതെന്നതിന് കൂടുതല്‍ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രോഹിത് ഡിസൂസയുടെ ഭാര്യ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും അറസ്റ്റ് ചെയ്യാനുള്ള വാടക ഗുണ്ടകള്‍ക്കായുള്ള തിരച്ചില്‍ തായ് പൊലീസ് തുടരുകയാണ്.












Click it and Unblock the Notifications