നീനാപിള്ളയ്ക്കു സമന്‍സ്
ദില്ലി: അന്തരിച്ച ബിസ്കറ്റ് രാജാവ് രാജന്‍പിള്ളയുടെ ഭാര്യ നീന പിള്ളയ്ക്ക് ദില്ലി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമന്‍സ് അയച്ചു. ഒക്ടോബര്‍ ഒമ്പതിന് കോടതിയില്‍ ഹാജരാവണമെന്നാണ് സമന്‍സിലെ ഉത്തരവ്.
1995 ല്‍ ദില്ലിയിലെ തിഹാര്‍ ജയിലില്‍വെച്ച് രാജന്‍പിള്ള ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായതുമായി ബന്ധപ്പെട്ട ഒരു ഫെറാലംഘനക്കേസിലാണ് നീനാപിള്ളയ്ക്ക് സമന്‍സ്. കേസില്‍ നീനാപിള്ളസഹകരിക്കുന്നില്ലെന്നു കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സംഗീതാ ദിന്‍ഗ്രാ സെഗാള്‍ സപ്തംബര്‍ 22 ശനിയാഴ്ച സമന്‍സ് അയച്ചത്.
രാജന്‍പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് നീനാപിള്ള തന്നെ നല്‍കിയ ക്രിമിനല്‍ കേസിന്റെ ഭാഗം തന്നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഫെറാ നിയമ ലംഘന അന്വേഷണമെന്നറിയുന്നു . എന്നാല്‍ അന്വേഷണങ്ങളുമായും നീനാപിള്ള സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി.
ഫെറാനിയമപ്രകാരം സത്യവാങ്മൂലം നല്‍കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം നീനാപിള്ള ചെവിക്കൊണ്ടില്ലത്രേ. കേസ് ഇതിനു മുമ്പ് വാദത്തിനെടുത്തപ്പോള്‍ നീനയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് നീക്കത്തെക്കുറിച്ച് തന്റെ കക്ഷിയെ അറിയിക്കുന്നതിനാണിതെന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്.
എന്നാല്‍ കേസ് വെള്ളിയാഴ്ച വാദത്തിനെടുത്തപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് കക്ഷിയെ അറിയിക്കാന്‍ സാധിച്ചില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാവാന്‍ നീനയ്ക്കു സമന്‍സ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications