അന്വേഷണത്തില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം: വി.എസ്
തിരുവനന്തപുരം: കണ്ണൂര്‍ വൈദ്യുത പദ്ധതിയെ സംബന്ധിച്ച ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്തുകയാണെങ്കില്‍ പ്രധാനമന്ത്രി വാജ്പേയിയെയും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി മുരളീമനോഹര്‍ ജോഷിയെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി. എസ് .അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ അന്വേഷണ പരിധിയില്‍ പ്രധാനമന്ത്രി വാജ്പേയിയെയും കേന്ദ്ര മന്ത്രി ജോഷിയെയും ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശന വേളയില്‍ ഒപ്പിട്ട ധാരണാപത്രങ്ങളില്‍ നിന്ന് അവസാന നിമിഷം കണ്ണൂര്‍ പദ്ധതി ഒഴിവാക്കപ്പെട്ടതിനാലാണ് അന്വേഷണത്തില്‍ പ്രധാനമന്ത്രിയെയും ആരോപണം ആദ്യമായി ഉന്നയിച്ച വ്യക്തിയെന്ന നിലയില്‍ കേന്ദ്രമന്ത്രി ജോഷിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
സപ്തംബര്‍ 24 ഞായറാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കവെയാണ് വി. എസ് പുതിയ ആവശ്യം ഉന്നയിച്ചത്. കണ്ണൂര്‍ പദ്ധതിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വി. എസ് പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി സംബന്ധിച്ച ആക്ഷേപങ്ങള്‍ ആദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രി ജോഷിയാണെന്നതിനാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ അത് ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് നടത്തണമെന്നാണ് താന്‍ പറഞ്ഞതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
കണ്ണര്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുടെ വിദേശ പങ്കാളിയായി എല്‍പോസോ എന്ന അമേരിക്കന്‍ കമ്പനിയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചു വരികയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications