ട്രഷറി നിക്ഷേപം: കേരളത്തിന്റെ നിര്‍ദ്ദേശം തള്ളി
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കനുവദിക്കുന്ന പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
കേന്ദ്ര പദ്ധതികള്‍ക്കനുവദിക്കുന്ന പണം ബാങ്കുകളില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കുന്നതിനു പകരം ആ തുക നേരിട്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതു കാരണം വൃദ്ധര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്കുന്ന അന്നപൂര്‍ണ്ണ പദ്ധതി സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഇത് നിലവില്‍ വന്നു കഴിഞ്ഞു.
കേന്ദ്ര പദ്ധതികള്‍ക്കുള്ള പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് കേന്ദ്രം അതിനു തയ്യാറാവാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്നപൂര്‍ണ്ണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ വകുപ്പ് അയച്ച കത്തിന് സംസ്ഥാനം മറുപടി നല്കിയില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം കേരളത്തില്‍ മാത്രം അന്നപൂര്‍ണ്ണ പദ്ധതി നടപ്പിലാവാത്ത സ്ഥിതിയാണ്.












Click it and Unblock the Notifications