കേരളത്തില്‍ വനഭൂമി കുറയുന്നു
ദില്ലി: ഇന്ത്യയില്‍ വനഭൂമിയുടെ വിസ്തീര്‍ണ്ണം 3896 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചപ്പോള്‍ കേരളത്തിലെ വനം 1997ലേതിനെക്കാള്‍ 11 ചതുരശ്ര കിലോമീറ്റര്‍ കുറഞ്ഞതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വന സര്‍വേ റിപ്പോര്‍ട്ട്.
പ്രധാനമായും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് വനഭൂമിയില്‍ കുറവുണ്ടായത്. കൊല്ലത്ത് ഒന്നും കോട്ടയത്ത് ആറും പാലക്കാട് പത്തും ചതുരശ്ര കിലോമീറ്റര്‍ വനം കുറഞ്ഞു. അതേസമയം കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി ആറ് ചതുരശ്ര കിലോമീറ്റര്‍ വനം കൂടിയിട്ടുണ്ട്.
കേരളത്തിലെ നിബിഡ വനം 25 ചതുരശ്ര കിലോമീറ്റര്‍ കുറഞ്ഞു. 1997ലെ സര്‍വേ പ്രകാരം ഇവിടെ 8454 ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനമാണുണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് 28.87 ശതമാനം ഭൂപ്രദേശം വനമേഖലയാണ്.
ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വനഭൂമി വര്‍ധിച്ചപ്പോള്‍ മിസോറാം, അസം, നാഗാലാന്‍ഡ്, കേരളം, ബിഹാര്‍ എന്നിവിടങ്ങളില്‍ വനമേഖലയുടെ വിസ്തൃതി കുറഞ്ഞു.
വന്‍ പ്ലാന്റേഷനുകളെ വനമായി കണക്കാക്കുന്നതിനാലാണ് ദേശീയ തലത്തില്‍ വനഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ വര്‍ധനയുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications