കേരളത്തില്‍ ബംഗാളി കുട്ടികള്‍ നരകിക്കുന്നു
തിരുവനന്തപുരം : കേരളത്തിലെ സ്വര്‍ണ്ണക്കടകളില്‍ ബംഗാളി കുട്ടികള്‍ പണിയെടുക്കുന്നു. എട്ട് വയസ്സിനും 12 വയസ്സിനുമിടക്ക് പ്രായമുള്ള കുട്ടികളാണ് ബംഗാളി ഗ്രാമങ്ങളില്‍ നിന്നും കേരളത്തിലെ സ്വര്‍ണ്ണക്കടകളില്‍ ജോലി ചെയ്യുന്നത്.
ന്യു ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് സപ്്തംബര്‍ 20 ബുധനാഴ്ച ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് നഗരത്തിലെ സ്വര്‍ണ്ണക്കടകള്‍ക്ക് പിന്നിലെ ചായ്പ്പുകളില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ഇവരുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമായും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ചന്തം കൂട്ടുന്ന പോളകള്‍ ഉണ്ടാക്കുകയാണ് ഈ കുട്ടികള്‍ ചെയ്യുന്നത്. വളരെയധികം ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള നടുവൊടിക്കുന്ന ഈ പണി ചെയ്യാന്‍ സാധാരണ സ്വര്‍ണ്ണപ്പണിക്കാര്‍ മിനക്കെടാറില്ല.
കടക്കാര്‍ 3,000 മുതല്‍ 4,000 രൂപ വരെ കൊടുത്താണ് ഈ കുട്ടികളെ വാങ്ങുന്നത്. ഈ കുട്ടികള്‍ പണിശാലകളിലെ ഇരുണ്ട ചായ്പ്പില്‍ തന്നെയാണ് നാളുകള്‍ കഴിച്ചു കൂട്ടുന്നത് . അര്‍ദ്ധനഗ്നരായ 25 കുട്ടികള്‍ ഒരു കുടുസ്സുമുറിയില്‍ ഇങ്ങനെ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കക്കൂസ് മാത്രം !
പുകയിലക്കും മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിമകളായിക്കഴിഞ്ഞ ഈ കുട്ടികള്‍ രണ്ടും മൂന്നും ക്ലാസ്സുകള്‍ വരെ പഠിച്ചവരാണ്. ബംഗാളി കോണ്‍ട്രാക്ടര്‍മാരാണ് ഇവരെ കേരളത്തിലെത്തിക്കുന്നത്. കുട്ടികളുടെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications