സമരം: ആയുര്‍വേദ റിസോര്‍ട്ട് പൂട്ടിയേക്കും
തിരുവനന്തപുരം: തൊഴിലാളി സമരം കാരണം കേരളത്തിലെ ആദ്യത്തെ ആയൂര്‍വേദ റിസോര്‍ട്ടായ കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട് അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
ഒരു വിഭാഗം ജോലിക്കാരുടെ സമരം കാരണം റിസോര്‍ട്ടിനും അുബന്ധിച്ചുള്ള ആശുപത്രിക്കും സാധാരണപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.വി. രമേഷ് പറഞ്ഞു. ജോലിക്കാര്‍ക്ക് നല്ല ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.
എല്ലാ ജോലിക്കാരുടെയും പ്രതിമാസ ശമ്പളം 600 രൂപ വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാരുടെ അപ്പോയിന്റ്മെന്റ് ഉത്തരവുകളില്‍ ഉള്ള വിവാദമായ സ്ഥലംമാറ്റ പരാമര്‍ശം ഒഴിവാക്കണമെന്ന ആവശ്യവും കമ്പനി സ്വീകരിച്ചിട്ടുണ്ട്, രമേഷ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്. വീണ്ടും മൂന്നു സമരങ്ങള്‍ കൂടി വന്നതോടെ ഏഴു മാസത്തേക്ക് റിസോര്‍ട്ട് അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.
പതിനൊന്ന് തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്‍റ് അന്വേഷണത്തിനുത്തരവിട്ടപ്പോള്‍ റിസോര്‍ട്ടിലെത്തിയവരെ ചിലര്‍ ഭയപ്പെടുത്തി ഓടിച്ചുവെന്ന് മാനേജ്മെന്റ് ആരോപിക്കുന്നു. രണ്ടു വിദേശികളെ തങ്ങളുടെ സാധനങ്ങള്‍ എടുക്കാന്‍ പോലും തൊഴിലാളികള്‍ അനുവദിച്ചില്ലെന്നും അവര്‍ മാനേജ്മെന്റിനെതിരെ കേസ് കൊടുക്കുകയുണ്ടായെന്നും മാനേജ്മെന്റ് വക്താക്കള്‍ പറയുന്നു.
റിസോര്‍ട്ടിലെ 48 ജോലിക്കാരില്‍ പകുതിയോളം പേര്‍ പ്രവേശനകവാടത്തിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയെന്നും ജോലി ചെയ്യാന്‍ താല്പര്യമുള്ളവരെ അകത്തേക്കു കടത്തിവിട്ടില്ലെന്നും മാനേജ്മെന്റ് ആരോപിക്കുന്നു.
തങ്ങള്‍ക്ക് സാമ്പത്തികമായ ഒരാവശ്യങ്ങളുമില്ലെന്നും മറിച്ച് പതിനൊന്ന് തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും തൊഴിലാളി നേതാക്കള്‍ പറയുന്നു. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും തിരിച്ചെടുക്കണമെന്നും സമരകാലത്തെ ശമ്പളം അനുവദിക്കണമെന്നും തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡണ്ട് ശ്രീരാജാമണി ആവശ്യപ്പെട്ടു.
റിസോര്‍ട്ട് പൂട്ടുകയാണെങ്കില്‍, കേരളം തൊഴിലാളിസമരങ്ങളില്‍ നിന്ന് മോചിതമായെന്ന് വ്യവസായികളെ ബോധ്യപ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. ലോകത്ത് ഇന്ന് ആയുര്‍വേദാചാര പ്രകാരം ചികിത്സ ലഭിക്കുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് കേരളം എന്ന പ്രചാരണത്തെയും ഇത് ബാധിക്കാനിടയുണ്ട്. പാലക്കാടിനടുത്ത് കൊടുമ്പ് എന്ന സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആറു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച റിസോര്‍ട്ട് 1999 ഫിബ്രവരിയില്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജനാണ് ഉദ്ഘാടനം ചെയ്തത്. ആധുനിക സൗകര്യങ്ങളുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിനു പുറമെ പ്രത്യേകം തയ്യാറാക്കിയ 30 ചെറുവീടുകളും ഇവിടെയുണ്ട്












Click it and Unblock the Notifications