എറണാകുളം യുഡിഎഫ് തൂത്തുവാരി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. വന്‍ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് നടന്ന 20ല്‍ 16 സീറ്റും കോണ്‍ഗ്രസും ഘടകക്ഷികളും കയ്യടക്കിയപ്പോള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടില്‍ നാല് സീറ്റുകള്‍ മാത്രമാണുള്ളത്. ഒരു സീറ്റ് മാത്രം നേടിയ സിപിഎം ഏറ്റവും ചെറിയ കക്ഷികളിലൊന്നായി മാറി.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ എല്‍ഡിഎഫിന് പരാജയം കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം പ്രമുഖര്‍ വിവിധ ഡിവിഷനുകളില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളോട് ഏറ്റുമുട്ടിയാണ് സിപിഎം നേതൃനിരയിലെ പ്രമുഖര്‍ തറപറ്റിയത്.
ജില്ലാപഞ്ചായത്തില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ നവംബറില്‍ അഞ്ച് വാര്‍ഡുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും നഷ്ടമായി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 24ല്‍ 16 സീറ്റും എല്‍ഡിഎഫിനായിരുന്നു. എട്ട് സീറ്റ് മാത്രമാണ് അന്ന് യുഡിഎഫിനു ലഭിച്ചത്. അതേ നാണയത്തില്‍ തിരിച്ചടിക്കാനായതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പ്.
യുഡിഎഫില്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ജേക്കബ്), മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. അതേസമയം എല്‍ഡിഎഫിലെ പ്രധാനകക്ഷിയായ സിപിഎം ഒരു സീറ്റിലേക്കൊതുങ്ങിയപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ട് സീറ്റുകള്‍ നേടി മുന്നണിയിലെ വലിയ കക്ഷിയായി. സിപിഐക്ക് ഒരു സീറ്റ് ലഭിച്ചു. മറ്റ് ഘടകക്ഷികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാനായില്ല.
ഉദയംപേരൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ സി.വി.ഔസേഫ് 62 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ടി.വി. പൗലോസാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. വൈസ് പ്രസിഡന്റും പ്രമുഖ സിപിഐ നേതാവുമായ ബാബു പോളിനെ കൂത്താട്ടുകുളം ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോസഫ് ബാബു പരാജയപ്പെടുത്തി. 212 വോട്ടാണ് ജോസഫ് ബാബുവിന്റെ ഭൂരിപക്ഷം.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എ. ചാക്കോച്ചനാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖന്‍. കോണ്‍ഗ്രസിലെ അനില്‍ കാഞ്ഞിലിയാണ് നെടുമ്പാശേരിയില്‍ ചാക്കോച്ചനെ അടിയറവ് പറയിച്ചത്. പുത്തന്‍കുരിശില്‍ കോണ്‍ഗ്രസിലെ ജോണ്‍ പി. മാണി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എസ്. മോഹനനെയും പരാജയപ്പെടുത്തി.
കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ ഏഴ് പ്രതിനിധികളുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് സിപിഎം ഇത്തവണ ഒരു സീറ്റിലേക്കൊതുങ്ങിയത്. നാല് സീറ്റുണ്ടായിരുന്ന സിപിഐക്കും ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേ സമയം ഒരു സീറ്റ് മാത്രമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ട് സീറ്റിലേക്ക് വളര്‍ന്ന് പ്രധാന പ്രതിപക്ഷകക്ഷിയുടെ റോളിലെത്തി.
യുഡിഎഫിലെ എല്ലാ ഘടകക്ഷികള്‍ക്കും ഇത്തവണ പ്രാതിനിധ്യം ലഭിച്ചു. മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് ഗ്രൂപ്പുകള്‍ക്കും ഓരോ സീറ്റ് വീതം ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ച 13 സീറ്റുകള്‍ അവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവായിരുന്ന കെ.ബി. മുഹമ്മദ്കുട്ടി കുമ്പളങ്ങി ഡിവിഷനില്‍ നിന്നും അയ്യായിരത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ചു.
ജില്ലാ പഞ്ചായത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം പോത്താനിക്കാട് ഡിവിഷനില്‍ നിന്നും ജയിച്ച യുഡിഎഫിലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥി ലിസി ജോസിനാണ്. 25,000ലധികം വോട്ടുകള്‍ക്കാണ് ലിസി ജോസ് വിജയിച്ചത്. എല്‍ഡിഎഫിന് ഈ ഡിവിഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലാതിരുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം അനായാസമാക്കി.












Click it and Unblock the Notifications