രാജ്കുമാറിന്റെ മോചനം ചൊവാഴ്ചയോടെ: ഗോപാല്‍
ചെന്നൈെ: വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കന്നഡ നടന്‍ രാജ്കുമാറിനെ ഒക്ടോബര്‍ മൂന്നിന് ചൊവാഴ്ചയോടെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മോചനദൗത്യവുമായി നാലാം പ്രാവശ്യവും വീരപ്പനെ കാണാന്‍ പോയ ഗോപാല്‍ സപ്തംബര്‍ 30ശനിയാഴ്ച രാവിലെ ചെന്നെയില്‍ മടങ്ങിയെത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു . ബന്ദികളിലൊരാളായ നാഗപ്പ രക്ഷപ്പെട്ടിരുന്നില്ലെങ്കില്‍ രാജ്കുമാറിന്റെ മോചനം പെട്ടെന്നു തന്നെ ഉണ്ടാകുമായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു.
വീരപ്പനില്‍ നിന്ന് വിവരം ലഭിച്ചാലുടന്‍ തന്നെ ഗോപാല്‍ അഞ്ചാമത്തെ പ്രാവശ്യവും കാട്ടിലേക്കു പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി പറഞ്ഞു. അത് ഇന്നോ നാളെയോ ആകാം. ഇന്ന് വിവരം ലഭിക്കുകയാണെങ്കില്‍ ഇന്നു തന്നെ പറപ്പെടും, കരുണാനിധി പറഞ്ഞു.
നാഗപ്പയുടെ രക്ഷപ്പെടല്‍ വീരപ്പനെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്ന് ഗോപാല്‍ പറഞ്ഞു. അതിനുശേഷം വീരപ്പന്റെ സംഘം ഒളിത്താവളം മാറുന്ന ശ്രമത്തിലായിരുന്നു. അപ്പോള്‍ അവരുടെ കൂടെ കൂടുന്നതില്‍ കാര്യമില്ലാത്തതിനാല്‍ താന്‍ തിരിച്ചുപോരുകയായിരുന്നുവെന്നും ഗോപാല്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ തനിക്ക് രാജ്കുമാറിനെയും കൂട്ടരെയും കൂടെ കൊണ്ടുവരാന്‍ സാധിക്കുമായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു. ടാഡാ തടവുകാരെ മോചിപ്പിക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും കാണിക്കുന്ന താല്പര്യം വീരപ്പനെ ബോധ്യമാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്, ഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications